ജിദ്ദ: മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരത്തിന് അർഹരായ സൗദി കേരള ഫാർമസിസ്റ്റ് ഫോറം, യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്നിവർക്ക് പുരസ്കാരങ്ങൾ കൈമാറി. ജിദ്ദയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്. കോവിഡ് കാലത്ത് സൗദിയിലെ പ്രവാസികൾ അനുഭവിച്ച പ്രതിസന്ധിയായിരുന്നു ജീവൻ രക്ഷ മരുന്നുകളുടെ കുറവ്. ഇതിനു പരിഹാരം കാണുകയും സന്ദർശന വിസയിലെത്തി സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെ മരുന്നെത്തിക്കാനും മഹാമാരിയുടെ വ്യാപനം തടയാനും മുൻ നിരയിൽനിന്ന് പ്രവർത്തിച്ച സംഘടനയാണ് സൗദി കേരള ഫാർമസിസ്റ്റ് ഫോറം.
നാട്ടിലുപയോഗിച്ച മരുന്നു പലതും വിമാന സർവിസ് റദ്ദായതോടെ ലഭിക്കാതെയായി. ഈ അവസരത്തിൽ സാഹചര്യത്തിനനുസരിച്ചുയർന്ന് മരുന്നെത്തിക്കാൻ മുന്നിൽ നിന്നതിനാണ് സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിന് മീഡിയവൺ പുരസ്കാരം. ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി. മുഹമ്മദലി പുരസ്കാരം സമ്മാനിച്ചു.
കോവിഡ് കാലത്തെ മുൻനിർത്തി സൗദിയിൽ ഇന്ത്യക്കാരായ പാരാമെഡിക്കൽ സ്റ്റാഫിനും ഡോക്ടർമാർക്കും പ്രത്യേകം കൂട്ടായ്മകളുണ്ടാകുന്നത് പ്രതിസന്ധികളിൽ ഗുണം ചെയ്യുമെന്ന് സംഘടന നേതാക്കൾ ചടങ്ങിൽ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് വിപുലമായ രീതിയിൽതന്നെ ഫാർമസിസ്റ്റ് കൂട്ടായ്മ സൗദിയിലുടനീളം പ്രവർത്തിച്ചിരുന്നു.
വാക്കുകൾകൊണ്ട് വിവരിക്കാനാകാത്തതായിരുന്നു കോവിഡ് കാലത്തെ നഴ്സുമാരുടെ സേവനം. മലയാളികളെ കുറിച്ച് ആശുപത്രികളിൽനിന്ന് വിവരങ്ങൾ ലഭിക്കാതായപ്പോഴും ചികിത്സ സേവനം ലഭ്യമാകാത്തപ്പോഴും സംഘടന എന്ന നിലയിൽ മികച്ച സേവനമാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ) കാഴ്ച വെച്ചത്. സൗദിയിലുടനീളമുള്ള വിവിധ ഘടകങ്ങളുടെ ഏകോപനത്തിലൂടെ നൂറുകണക്കിന് പേർക്കാണ് ദിനംപ്രതി സേവനമെത്തിച്ചത്. നഴ്സുമാരുടെ പ്രവർത്തനം ഏകോപിപ്പിച്ച് പ്രവാസികൾക്ക് ഉപകാരപ്പെടുത്തിയതിനാണ് മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം.
സഹ്റാനി ഗ്രൂപ് മാനേജിങ് സി.ഇ.ഒ അബ്ദുല്‍ റഹീം പട്ടര്‍കടവന്‍ അവാർഡ് ഭാരവാഹികൾക്ക് കൈമാറി. യു.എൻ.എയുടെ കീഴിലാണ് സൗദിയിൽനിന്ന് ആദ്യമായി ചാർട്ടേഡ് വിമാനങ്ങൾ പറന്നത്. ഇന്നും അത് തുടരുന്നു. സൗദിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറിലെ കബളിപ്പിക്കലൊഴിവാക്കാൻ യു.എൻ.എയുടെ കീഴിൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നതായി ഭാരവാഹികൾ അവാർഡ് ചടങ്ങിൽ പ്രഖ്യാപിച്ചു. സൗദിയിലെ മുഴുവൻ നഴ്സുമാർക്കുമായി ബ്രേവ്ഹാർട്ട് അവാർഡ് സമ്മാനിക്കുന്നതായും സംഘടന ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.