റിയാദ്: ലബനാനിലെ രാഷ്ട്രീയ ശൂന്യത അവസാനിപ്പിക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആഹ്വാനം ചെയ്തു. കിരീടാവകാശിയുടെ ഫ്രഞ്ച് സന്ദർശനത്തോടനുബന്ധിച്ച് പാരിസിലെ എലിസ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇരു നേതാക്കളും ലബനാനിൽ അനന്തമായി നീളുന്ന രാഷ്ട്രീയ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടത്.
ലബനാനിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള ഫ്രാൻസിന്റെ ശ്രമങ്ങൾക്ക് മാക്രോൺ കിരീടാവകാശിയിൽനിന്ന് പിന്തുണ തേടുമെന്ന് വാർത്തകൾ വന്നിരുന്നു. ഹിസ്ബുല്ല വിഭാഗവും മറുപക്ഷവും തമ്മിലുള്ള കടുത്ത ഭിന്നതയുടെ പശ്ചാത്തലത്തിൽ 12ാം തവണയും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽ ലബനാൻ പരാജയപ്പെട്ടിരുന്നു.
ഭരണരംഗത്തെ അനിശ്ചിതത്വവും അധികാര ശൂന്യതയും രാജ്യത്തെ കടുത്ത അരാജകത്വത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കിരീടാവകാശിയുടെയും ഫ്രഞ്ച് പ്രസിഡന്റിനെയും പ്രസ്താവന.
ഭരണനേതൃത്വത്തിന്റെ അഭാവം ലബനാനിലെ സാമൂഹിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാന തടസ്സമായി തുടരുന്നതായി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷം ഫ്രഞ്ച് പ്രസിഡൻറ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
മധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച നേതാക്കൾ പിരിമുറുക്കങ്ങൾ ലഘൂകരിക്കാനും സംഘർഷങ്ങൾ അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ സംയുക്ത ശ്രമങ്ങൾ തുടരാൻ തീരുമാനിച്ചതായി പ്രസ്താവന തുടരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കാനും ആഴത്തിലാക്കാനും ഇരുനേതാക്കളും ഉദ്ദേശിക്കുന്നു. സൗദി അറേബ്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായം നൽകാൻ ഫ്രാൻസ് തയാറാണെന്നും സൗദി അറേബ്യയുടെ അഭിലാഷമായ 'വിഷൻ 2030' നടപ്പിലാക്കുന്നതിൽ ഫ്രഞ്ച് കമ്പനികളുടെ പിന്തുണ തുടരുമെന്ന് മാക്രോൺ ഉറപ്പുനൽകിയതായും പ്രസ്താവനയിലുണ്ട്.
ജൂൺ 22, 23 തീയതികളിൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന പുതിയ ആഗോള സാമ്പത്തിക ഉടമ്പടിയുമായി ബന്ധപ്പെട്ട പാരിസ് ഉച്ചകോടിയിൽ കിരീടാവകാശിയും സംഘവും പങ്കെടുക്കും.
വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ ഫർഹാൻ, സഹമന്ത്രി മുഹമ്മദ് അൽ ശൈഖ്, ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) ഗവർണർ മുഹമ്മദ് ബിൻ സൽമാൻ യാസിർ അർറുമയ്യാൻ എന്നിവർ കിരീടാവകാശി നയിക്കുന്ന സൗദി പ്രതിനിധി സംഘത്തിലുണ്ട്.
'റിയാദ് എക്സ്പോ 2030'ഉമായി ബന്ധപ്പെട്ട് 179 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പാരിസിലെ സ്വീകരണ പരിപാടിക്ക് സൗദി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.