മന്ത്രി പീയുഷ്​ ഗോയൽ നാളെ​ റിയാദിലെത്തും

റിയാദ്​: ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ് ഇനിഷ്യേറ്റീവ് സമ്മേളനത്തിൽ പ​ങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ്​ ഗോയൽ ചൊവ്വാഴ്​ച റിയാദിലെത്തും. ബുധനാഴ്​ച വരെ അദ്ദേഹവും ഔദ്യോഗിക പ്രതിനിധി സംഘവും റിയാദിലുണ്ടാവും. പുനരുപയോഗ ഊർജം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉൽപ്പാദനം എന്നിവയിൽ ഇന്ത്യ-സൗദി അറേബ്യ സഹകരണം വർദ്ധിപ്പിക്കുന്നതിനാണ്​ ഇന്ത്യൻ സംഘം സമ്മേളനത്തിൽ ഊന്നൽ നൽകുക.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച, സുസ്ഥിര വികസന ശ്രമങ്ങൾ, എ.ഐ, പുനരുപയോഗ ഊർജം, നൂതന ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ മന്ത്രി ഫോറത്തിൽ അവതരിപ്പിക്കും. വാണിജ്യം, വ്യവസായം, നിക്ഷേപം, ഊർജം എന്നീ വകുപ്പുകളിൽ സൗദി മന്ത്രിമാരുമായുള്ള സുപ്രധാന ഉഭയകക്ഷി യോഗങ്ങൾ ഗോയലി​െൻറ അജണ്ടയിൽ ഉൾപ്പെടുന്നു. ഊർജ പരിവർത്തനം, ഡിജിറ്റൽ രൂപാന്തരം, വ്യാപാരം സുഗമമാക്കൽ എന്നിവയിൽ ചർച്ചകൾ നടക്കും.

ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് കീഴിലുള്ള സാമ്പത്തിക, നിക്ഷേപ സമിതിയുടെ രണ്ടാമത്തെ മന്ത്രിതല യോഗവും സന്ദർശനത്തിൽ ഉൾപ്പെടുന്നു. കൃഷി, ഭക്ഷ്യ സുരക്ഷ, ഊർജം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

നിലവിൽ സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ നാലാം സ്ഥാനത്താണ് സൗദി അറേബ്യ. 2023-24-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 43 ശതകോടി ഡോളറിലെത്തി. 2,700-ലധികം ഇന്ത്യൻ കമ്പനികൾ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്നു.

റിയാദിൽ മന്ത്രി പീയുഷ്​ ഗോയൽ ലുലു ഹൈപ്പർമാർക്കറ്റിലെ ദീപാവലി ഉത്സവം ഉദ്ഘാടനം ചെയ്യും. സൗദി അറേബ്യയിലെ പ്രാദേശിക ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒരുക്കുന്ന പ്രത്യേക ​വിങ്ങി​െൻറ ഉദ്​ഘാടനവും ഉൽപന്നങ്ങളുടെ വിവരം രേഖപ്പെടുത്തിയിട്ടുള്ള പ്രദർശന ചുവരി​െൻറ അനാച്​ഛാദനവും മന്ത്രി നിർവഹിക്കും.

Tags:    
News Summary - Minister Piyush Goyal will arrive in Riyadh tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.