ദമ്മാം: സമാധാന പട്ടികയിലേക്ക് മടങ്ങിവരാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആഹ്വാനം നിരസിച്ചുകൊണ്ട് യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിനേയും ആക്രമിച്ചു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ദമ്മാമിനെ ലക്ഷ്യമാക്കി ഹൂതികൾ മിസൈലുകളും, ഡ്രോണുകളും അയച്ചത്. എല്ലാ മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന നശിപ്പിച്ചു. ആകാശത്ത് വെച്ച് തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ദമ്മാം നഗരത്തിൽ ഒരാൺകുട്ടിക്കും പെൺകുട്ടിക്കും പരിക്കേറ്റതായും 14 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായും സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയർ തുർക്കി അൽ മാലിക്കി സൗദി വാർത്താ ചാനലിലൂടെ വെളിപ്പെടുത്തി.
ഹൂതി വിമതരുമായുള്ള ഏറ്റുമുട്ടലിൽ നേരത്തേയും ദമ്മാമിനെ കേന്ദ്രീകരിച്ച് ആക്രമണം നടന്നിരുന്നു. സൗദിയുടെ എണ്ണസ്രോതസ്സായ അരാംകോ പ്ലാന്‍റുകൾ സ്ഥിതിചെയ്യുന്നു എന്നതാണ് കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിടാൻ ഹൂതികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ നടന്ന ആക്രമണങ്ങൾ അരാംകോ വൃത്തങ്ങൾക്ക് പുറത്താണെന്നും യാതൊരു തരത്തിലും കമ്പനി പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും അരാംകോ വൃത്തങ്ങൾ അറിയിച്ചു.
യമന്‍റെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണക്കുന്നു എന്നതാണ് വിമതരെ സൗദിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. യമനിൽ സുസ്ഥിരവും സമാധാനവുമുള്ള ഭരണകൂടം നിലനിൽക്കാൻ വേണ്ടിയാണ് സൗദി നിലകൊള്ളുന്നത്. നജ്റാനിലെ തെക്ക് പടിഞ്ഞാറൻ മേഖല ലക്ഷ്യമാക്കിയും ജീസാനിലേക്കും ശനിയാഴ്ച ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായി. ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് ഒരുപോലെ ആക്രമണം ഉണ്ടാകുന്നത്.
സൗദി വ്യോമ പ്രതിരോധ സേന മൂന്ന് ആക്രമണങ്ങളേയും നിഷ്പ്രഭമാക്കിയതായും അൽമാലികി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവും ഹുതികൾ സൗദിയിലേക്ക് ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിവിദഗ്ദമായി സൗദി നാവികസേന ഇതിനെയെല്ലാം പ്രതിരോധിച്ച് തകർത്തിരുന്നു.
സാധാരണ ജനങ്ങളെയും അവരുടെ താമസ സ്ഥലങ്ങളേയും ലക്ഷ്യമിടുന്ന ഹൂതി ശ്രമങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. സാമാന്യ മൂല്യങ്ങൾക്കും മാനുഷിക തത്വങ്ങൾക്കും എതിരാണ് ഇത്തരം അക്രമണങ്ങളെന്നും അൽ മാലിക്കി പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും സാധാരണ ജനസമൂഹത്തെ സംരക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കുമെന്ന് തുർക്കി അൽമാലികി പറഞ്ഞു.
ജനങ്ങൾക്കിടയിലേക്ക് ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിക്കുകയും ആക്രമണങ്ങളെ പ്രതിരോധിച്ച സൗദി വ്യോമ പ്രതിരോധ സേനയെ അഭിനന്ദിക്കുകയും ചെയ്തു.
തങ്ങളുടെ ജനങ്ങളേയും ഭൂമിയേയും സംരക്ഷിച്ചു നിർത്തുന്നതിന് സൗദി കൈകൊള്ളുന്ന എല്ലാ നടപടികൾക്കും ഒ.ഐ.സി സെക്രട്ടറി ജനറൽ യൂസഫ് അൽ ഒതൈമീൻ ശക്തമായ പിന്തുണ അറിയിച്ചു. ഹൂതികളുടെ ആക്രമണങ്ങളെയും സൈന്യത്തിന് പണവും ആയുധങ്ങളും നൽകുന്നവരെയും സംഘടന അപലപിക്കുന്നുവെന്നും അൽ ഒതൈമീൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.