ജിദ്ദ: കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ഇതാദ്യമായി ഇന്ത്യൻ നഴ്‌സുമാരുടെ ഓണാഘോഷത്തിന് മിത്രാസ് തുടക്കം കുറിച്ചു.മലയാളികളിൽ മാത്രം ഒതുങ്ങാതെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും പങ്കെടുത്ത ഓണാഘോഷം മിത്രാസ് ഗ്രൂപ് നഴ്സുമാരും കുടുംബവും ഒരു ദേശീയ ഉത്സവമാക്കി മാറ്റി. 700ൽപരം ഇന്ത്യൻ നഴ്‌സുമാർ ഒരുമിച്ചുകൂടിയ ആഘോഷ പരിപാടികൾ മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്‌ഘാടനം ചെയ്തു. ഷൈനി ജോൺ, അനീസ് വിൻസെന്റ്, ശാന്തി ഫെർണാണ്ടസ് എന്നിവർ ആശംസകൾ നേർന്നു.
താലപ്പൊലി, പുലിക്കളി, ചെണ്ടമേളം തുടങ്ങിവയുടെ അകമ്പടിയോടെ വരവേറ്റ മാവേലി ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്റെ തനതായ കലാരൂപങ്ങളായ മോഹിനിയാട്ടം, തിരുവാതിര, നാടൻപാട്ട്, ഒപ്പന തുടങ്ങി വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി.
മിത്രാസ് എന്ന ആശയം മുന്നോട്ടുവെക്കുകയും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്ത നഴ്സിങ് ഏരിയ മാനേജർ സബീന റഷീദിനെ ഗ്രൂപ് അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.മിത്രാസ് ഗ്രൂപ്പിലെ 20ഓളം വരുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെ നീണ്ട ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. സബീന റഷീദ് സ്വാഗതവും ജെയ്സൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.