ജിദ്ദ: മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്പിക്കുകയും ചിലരെ മറ്റു ചിലരേക്കാള്‍ പ്രത്യേകം സ്നേഹിക്കുകയും അവര്‍ക്ക് പ്രത്യേകമായി പലതും നല്‍കുകയും ചെയ്യുന്ന വിഭാഗീയത ഗൃഹാന്തരീക്ഷങ്ങളിൽ നിലനിന്നുകൂടെന്നും അത്തരമൊരു സന്താന പരിപാലനം ഇസ്ലാം പഠിപ്പിക്കുന്നില്ലെന്നും വാഗ്മിയും ഗ്രന്ഥകാരനും ഇസ്ലാമിക പ്രബോധകനുമായ എം.എം. അക്ബർ പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘മക്കൾ സൗഭാഗ്യമാണ്, പരീക്ഷണവും’എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവങ്ങൾ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം അഥവാ ജെൻഡർ ഓരോരുത്തരുടെയും തോന്നലുകളാണ് തീരുമാനിക്കുന്നതെന്നും സമർഥിക്കുന്ന ജെൻഡർ തിയറിയുടെയും എൽ.ജി.ബി.ടി ആക്ടിവിസത്തിന്റെയും കാലമാണിത്. കുട്ടികളുടെ ലിംഗവ്യത്യാസത്തിനപ്പുറത്ത് വ്യക്തിഗത വികസനത്തെ ത്വരിതപ്പെടുത്തുന്ന ധാർമികമൂല്യങ്ങളിൽ ഊന്നി മാതാപിതാക്കൾ ബോധപൂർവ ഇടപെടൽ നടത്തിയില്ലെങ്കിൽ ഗുരുതരവും ആപല്‍ക്കരവുമായ പ്രത്യാഘാതം ഉണ്ടായേക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘മാതാപിതാക്കൾ സ്വർഗത്തിലേക്കുള്ള വാതിൽ’എന്ന വിഷയത്തിൽ ഉനൈസ് പാപ്പിനിശ്ശേരി സംസാരിച്ചു. ലേൺ ദ ഖുർആൻ ആറാംഘട്ട പാഠ്യപദ്ധതിയുടെ ജിദ്ദ ഏരിയ പ്രകാശനം എം.എം. അക്ബർ നിർവഹിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും മുസ്തഫ ദേവർശോല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.