ജിദ്ദ: സൗദിയിൽ മോഡേണ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. രാജ്യത്തേക്ക് മോഡോണ വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും കമ്പനി രജിസ്റ്റർ ചെയ്യാൻ മോഡേണ കമ്പനി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണിതെന്ന് അതോറിറ്റി വ്യക്തമാക്കി.
കമ്പനി നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് അംഗീകാരം നൽകാനുള്ള തീരുമാനം. കമ്പനി ആവശ്യകതകൾ പൂർത്തിയാക്കിയ ഉടൻ അതോറിറ്റി രജിസ്ട്രേഷൻ ഫയലുകൾ അവലോകനം ചെയ്യാനും വിലയിരുത്താനും തുടങ്ങി. പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളും ക്ലിനിക്കൽ പഠനങ്ങളും വഴി വാക്സിന്റെ ഫലപ്രാപ്തിയുടെയും സുരക്ഷ ഡാറ്റയുടെയും വിലയിരുത്തൽ ഇതിലുൾപ്പെടും.
ഉൽപ്പാദനത്തിന്റെ ഘട്ടങ്ങൾ പരിശോധിക്കുന്നതിനൊപ്പം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുഡ് ഫാർമസ്യൂട്ടിക്കൽ മാനുഫാക്ച്വറിങ് (ജി.എം.പി) തത്വങ്ങൾ പ്രയോഗിക്കുന്നതിലെ കമ്പനിയുടെ പ്രതിബദ്ധതയും പരിശോധിച്ചതിലുതിലുൾപ്പെടും. സമർപ്പിച്ച ഡാറ്റ പഠിക്കാൻ കമ്മീഷൻ നിരവധി മീറ്റിങുകൾ നടത്തിയതായും സൗദി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
പുറപ്പെടുവിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകൾ അംഗീകൃത മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി വാക്സിൻ ഇറക്കുമതിക്കായുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഓരോ ഷിപ്പിങിലുമെത്തുന്ന വാക്‌സിൻ സാമ്പിളുകൾ ഉപയോഗിക്കുന്നതിനു മുമ്പ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന പരിശോധന നടത്തുമെന്നും സൗദി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. അസ്ട്രസെനെക, ഫൈസർ ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കാണ് മുമ്പ് സൗദി ഫുഡ് ആൻറ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയത്. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.