ജിദ്ദ: സൗദി അറേബ്യയിലെ മുഴുവൻ കുപ്പിവെള്ള ഫാക്ടറികളും ഇടക്കിടെ സന്ദർശിച്ച് ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സമഗ്രമായ നിരീക്ഷണ പരിപാടികൾ ആവിഷ്കരിച്ചതായി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി വ്യക്തമാക്കി. ഉൽപന്നങ്ങളുടെ സാമ്പിളുകളെടുത്ത് ലാബോറട്ടറി പരിശോധനകൾ നടത്തും. നിയമലംഘനങ്ങൾ ഇല്ലാതാക്കാനും പിഴ ചുമത്താതിരിക്കാനും ഫാക്ടറി അധികൃതർ വേണ്ട നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്നും അതോറിറ്റി പറഞ്ഞു.
വെള്ളത്തിെൻറ പരിശോധന ഘടന, ജലസ്രോതസ്സുകൾ, ആരോഗ്യ ക്ലെയിമുകൾ, ഉൽപന്ന രജിസ്ട്രേഷൻ, ഫാക്ടറിയുടെ പേര്, ഉൽപദാന തീയതി, പാക്കറ്റുകളുടെ ചോർച്ച മുതൽ കുപ്പിവെള്ളത്തിനും മിനറൽ വാട്ടറിനുമുള്ള ഗൾഫ് സാേങ്കതിക ചട്ടങ്ങൾ, ഗതാഗതം, സംഭരണം എന്നിവക്ക് നിശ്ചയിച്ച വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി. വിപണിയിൽ നിരവധി കുപ്പിവെള്ളം കമ്പനികളുള്ളതിനാൽ ഏത് കമ്പനിയുടേതാണ് മറ്റൊന്നിനേക്കാൾ മികച്ചതെന്ന് വേർതിരിക്കാൻ കഴിയില്ല.
രജിസ്റ്റർ ചെയ്ത ഫാക്ടറികൾക്ക് നിശ്ചയിച്ച സാേങ്കതികമായ ആവശ്യകതകളും വെള്ളത്തിലുണ്ടാവേണ്ട പ്രകൃതിദത്ത ധാതുക്കളും പാലിച്ചാൽ എല്ലാ കുപ്പിവെള്ളവും മികച്ചതാകുമെന്നും അതോറിറ്റി വ്യക്തമാക്കി. കുപ്പിവെള്ള ഉൽപന്നങ്ങളുടെ കാലാവധി 12 മാസമാണ്. അതിൽകൂടുതൽ സൂക്ഷിക്കരുത്. ഗുണനിലവാരത്തിൽ മാറ്റമുണ്ടാകാതിരിക്കാൻ അതാവശ്യമാണ്. കുപ്പിവെള്ളസുരക്ഷ നിലനിലർത്താൻവേണ്ട നിർദേശങ്ങൾ ഫാക്ടറികൾക്ക് പുറപ്പെടുവിച്ചിട്ടുണ്ട്. വിഷ പദാർഥങ്ങൾ അല്ലെങ്കിൽ ദോഷകരമായ വസ്തുക്കൾ എന്നിവക്കടുത്തും ദുർഗന്ധവും വായുസഞ്ചാരവുമില്ലാത്ത സ്ഥലങ്ങളിലും കുപ്പിവെള്ളം സൂക്ഷിക്കരുത്. കടുത്ത ചൂടിനും കാലാവസ്ഥ വ്യതിയാനത്തിനും വിധേയമാകാതിരിക്കാനും ശ്രദ്ധിക്കണം.
ബോട്ടിലുകൾ മലിനമുണ്ടാകുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കരുത്. വെള്ളം സൂക്ഷിക്കുന്ന റഫ്രിജറേറ്ററുകളുടെ ശുചിത്വം പരിശോധിക്കുകയും ഇടക്കിടെ വേണ്ട റിപ്പയറിങ്ങുകൾ നടത്തിയിരിക്കുകയും വേണം തുടങ്ങിയവ കുപ്പിവെള്ള സുരക്ഷക്ക് നിശ്ചയിച്ച നിർദേശങ്ങളിലുൾപ്പെടും. കുപ്പിവെള്ളത്തിനു പുറത്ത് ഉപഭോക്താവിനു വായിക്കാൻ കഴിയുംവിധം അതിലടങ്ങിയവ ലവണങ്ങളെയും അളവിനെക്കുറിച്ചും വ്യക്തമായി എഴുതിയിരിക്കണം.
ഒാരോ വർഷവും മാർച്ച് 22ന് നടക്കുന്ന ലോക ജലദിനത്തോടനുബന്ധിച്ച അതോറിറ്റി ബോധവത്കണ കാമ്പയിൻ നടത്താറുണ്ട്. കുപ്പിവെള്ളം കൈകാര്യം ചെയ്യുന്നതിലെ ശരിയായതും സുരക്ഷിതവുമായ മാർഗത്തെക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കുന്നതിനാണിത്. കാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. കുപ്പിവെള്ള ഫാക്ടറികളുടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഏകീകൃത നമ്പറായ 19999 ലോ 'തമനി'എന്ന ആപ്ലിക്കേഷൻ വഴിയോ വിവരമറിയിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.