ഇന്റൽ സൗദി ഡയറക്ടർ അബ്ദുൽ ജബ്ബാറും കിങ് അബ്ദുല്ല സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്യൂച്ചർ ഇക്കോണമി വൈസ് പ്രസിഡന്റ് ഡോ. മർയം നൂഹും ധാരണപത്രം കൈമാറുന്നു. കിങ് അബ്ദുല്ല സയൻസ് സിറ്റി പ്രസിഡന്റ് ഡോ. മുനീർ അൽ ദുസൂഖി സമീപം

നിർമിത ബുദ്ധി ആഗോള ഉച്ചകോടിയിൽ ധാരണപത്രങ്ങൾ ഒപ്പിട്ടു

റിയാദ്: 'നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്' എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച ത്രിദിന ആഗോള ഉച്ചകോടിയുടെ കൊടിയിറങ്ങും മുമ്പ് രൂപപ്പെട്ടത് നിരവധി ധാരണപത്രങ്ങൾ. ആഗോള ഐ.ടി സ്ഥാപനങ്ങളും സാങ്കേതിക വിജ്ഞാന സംരംഭങ്ങളുടെ മേധാവികളുമായി ധാരണപത്രങ്ങളിൽ ഒപ്പിടാൻ സൗദിയിലെ പ്രമുഖ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും സാധിച്ചത് ആതിഥേയ രാജ്യത്തിന് നേട്ടമായി. കിരീടാവകാശിയും ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലായിരുന്നു ഉച്ചകോടി. 

ഉച്ചകോടിയിലെ ഏറ്റവും മികച്ച പൈതൃക അവതരണത്തിനുള്ള മൂന്നു ലക്ഷം റിയാലിന്റെ കാഷ് അവാർഡ് സംഘാടകരായ എസ്.ഡി.എ.ഐ.എ അധികൃതർ കൈമാറുന്നു

ആഗോള സ്ഥാപന മേധാവികൾ, സാങ്കേതിക വിദഗ്ധർ, മന്ത്രിമാർ, ലോകപ്രശസ്‌ത സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും അടക്കം നിരവധി പ്രതിനിധികളും ക്ഷണിതാക്കളും പങ്കെടുത്തു. സൗദി അറേബ്യൻ എയർലൈൻസ് അടക്കമുള്ള ദേശീയ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, കിങ്‌ അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങളും സാങ്കേതിക കലാശാലകളും ആഗോള സ്ഥാപങ്ങളുമായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.

ലോകപ്രശസ്‌ത സ്ഥാപനമായ 'ഇന്റലി'ന്റെ സൗദി ഡയറക്ടർ അഹ്‌മദ്‌ അൽ ജബ്ബാറും കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഫ്യൂച്ചർ ഇക്കോണമി വൈസ് പ്രസിഡന്റ് ഡോ. മർയം നൂഹും അഞ്ചുവർഷ സഹകരണ കരാറിൽ ഒപ്പിട്ടു. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാർഷിക മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിലാണ് ഒപ്പുവെച്ചത്. കൃഷി ഡെപ്യൂട്ടി മന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽ മുശൈത്തിയും ടാറ്റ കൺസൽട്ടിങ് സർവിസസ് സൗദി റീജനൽ ഡയറക്ടർ സുധീർ ശ്രീധരനുമാണ് നാലുവർഷത്തെ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

കാർഷിക രംഗത്തെ അടിസ്ഥാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയുക്തമായ സാങ്കേതിക വിദ്യയിലുള്ള സഹകരണം പ്രായോഗിക കാർഷിക മാതൃകകൾ കണ്ടെത്താൻ രാജ്യത്തെ സഹായിക്കുമെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഡയറക്ടർ ഡോ. അബ്ദുൽ ഹമീദ് അൽ അലൈവി പ്രത്യാശിച്ചു.

Tags:    
News Summary - MOUs signed at Artificial Intelligence Global Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.