ജിദ്ദ: ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് ‘മുസാനിദ്’ എന്ന ഓൺലൈൻ പോർട്ടൽ വഴി മാറ്റാനാകുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ ഈ സേവനം ലഭ്യമായി തുടങ്ങി. സ്പോൺസർമാർക്കിടയിലാണ് തങ്ങളുടെ വീട്ടുജോലിക്കാരെ ഓൺലൈൻ നടപടിക്രമങ്ങളിലൂടെ മാറ്റാൻ കഴിയുന്നത്. മന്ത്രാലയത്തെ ഉദ്ധരിച്ച് ഉക്കാദ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ ഗാർഹിക തൊഴിൽ മേഖലയുടെ വികസനം, റിക്രൂട്ട്‌മെന്റിന്റെ ഗുണനിലവാരം വർധിപ്പിക്കൽ, അവകാശ സംരക്ഷണം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം വ്യവസ്ഥാപിതമാക്കൽ എന്നീ ഉദ്ദേശ്യങ്ങളോടെ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിത്.
റിക്രൂട്ട്‌മെന്റ് നിയന്ത്രണങ്ങൾ, നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവക്ക് അനുസൃതമായി ഓൺലൈനായി ലളിതമായ നടപടിക്രമങ്ങളിലൂടെ മുസാനിദ് പോർട്ടൽ വഴി ഗാർഹിക തൊഴിലാളിയെ നിലവിലെ തൊഴിലുടമയിൽനിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറ്റാൻ കഴിയും. നിലവിലെ തൊഴിലുടമയും ഗാർഹിക തൊഴിലാളിയും പുതിയ തൊഴിലുടമയും കൈമാറ്റ പ്രക്രിയക്ക് സമ്മതിച്ച ശേഷമാണ് സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാനാവുക. അംഗീകൃത ഓൺലൈൻ പേയ്‌മെൻറ് ചാനലുകളിലൂടെ നിശ്ചിത ഫീസ് അടക്കണം. സ്പോൺസർഷിപ്പ് മാറുന്ന സമയത്ത് ഉടമയുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ നടപടിക്രമം സഹായിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
രാജ്യത്തെ റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളിലൊന്നായാണ് ‘മുസാനിദ്’ പ്ലാറ്റ്ഫോം മന്ത്രാലയം ആരംഭിച്ചത്. റിക്രൂട്ട്‌മെന്റ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും തൊഴിൽ കരാർ സംബന്ധിച്ചുള്ള പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനും ഇരു കൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ പോർട്ടലിൽ സേവനങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.