ജിദ്ദയിലെ പുതിയ ഇന്ത്യൻ കോൺസുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ആഗസ്റ്റ് 11 ന് ചുമതലയേൽക്കും

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പുതുതായി നിയമിതനായ കോണ്‍സുല്‍ ജനറൽ ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ആഗസ്റ്റ് 11 ന് ചുമതലയേൽക്കും. നിലവിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ നിയമനം. എൻജിനീയറിങ്ങിലും ബിസിനസ്‌ മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഇന്ത്യൻ ഫോറിൻ സർവീസിൽ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനാണ്.

വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോൾ എയര്‍ ബബ്ള്‍ വന്ദേഭാരത് മിഷന് കീഴിൽ ഒന്നര ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. നേരത്തെ ജിദ്ദയിലെത്തിയ ഇദ്ദേഹം നിലവിലെ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തോടൊപ്പം ചേർന്ന് ഈ വർഷത്തെ ഹജ്ജ് വേളയിൽ ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു.

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റിലേക്ക് മാറി പോകുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ നിലവിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം 2010 ഐ.എഫ്.എസ് ബാച്ചുകാരനാണ്. 2012 മുതൽ രണ്ട് വർഷക്കാലം കൈറോയിലെ ഇന്ത്യൻ എംബസിയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഷാഹിദ് ആലം അറബി ഭാഷയില്‍ പ്രത്യേകം പ്രവീണ്യം നേടിയിരുന്നു. 2014-15 ല്‍ അബുദാബി ഇന്ത്യൻ എംബസിയില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2015 സെപ്റ്റംബറില്‍ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആദ്യമായി ഹജ്ജ് കോണ്‍സലായി ചുമതലയേൽക്കുന്നത്.

പിന്നീട് ഡപ്യൂട്ടി കോണ്‍സുല്‍ ജനറലായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കോൺസുലേറ്റിലെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും 2020 ഒക്ടോബറിൽ അന്നത്തെ കോൺസുൽ ജനറൽ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖിന് പകരക്കാരനായി വീണ്ടും കോൺസുൽ ജനറൽ ആയി ഇദ്ദേഹം ജിദ്ദയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മൂന്ന് വർഷക്കാലത്തെ സ്തുത്യർഹമായ കോൺസുൽ ജനറൽ സേവനം അവസാനിപ്പിച്ചു മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലത്തിന് ഇന്ത്യൻ സമൂഹം അടുത്ത വെള്ളിയാഴ്ച വിപുലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - New Consul General of India in Jeddah will take charge August 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.