ജിദ്ദ: ദക്ഷിണ സൗദി അറേബ്യയിലെ വിനോദസഞ്ചാര പ്രധാനമായ അൽബാഹ നഗരത്തെ തലസ്ഥാന നഗരമായ റിയാദുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. അൽറെയിൻ, ബിഷ പട്ടണങ്ങൾ വഴി 170 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള വലിയ അകലം കുറക്കാൻ ഗതാഗത അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ തുടർച്ചയാണിത്. അതോടൊപ്പം റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന എല്ലാ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുക, മേഖലയിലെ സുരക്ഷ നിലവാരം ഉയർത്തുക, റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അൽബാഹയും റിയാദ് നഗരവും കിഴക്കൻ പ്രവിശ്യയും തമ്മിലുള്ള ദൂരം ഏകദേശം 280 ആയി കുറക്കുക എന്നിവയാണ് ഈ റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിർമാണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ 100 ശതമാനം പൂർത്തിയായി. ശേഷിക്കുന്ന നാല് ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിൽ പൂർത്തീകരണ നിരക്ക് 86 ശതമാനത്തിലെത്തി. 16 കിലോമീറ്റർ ദൈർഘ്യമുള്ള നാലാംഘട്ടം 68 ശതമാനവും പൂർത്തിയായി.
അഞ്ചാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 45 ശതമാനത്തിലെത്തി. അതിന്റെ നീളം 30 കിലോമീറ്ററാണ്. 33 കിലോമീറ്റർ ദൈർഘ്യമുള്ള ആറാംഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 71 ശതമാനത്തിലെത്തി.
ജങ്ഷനുകളുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നു. പൂർത്തീകരണ നിരക്ക് 51 ശതമാനമെത്തിയിട്ടുണ്ട്. ഉയർന്ന അന്തർദേശീയ സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് മികച്ച റോഡ് ശൃംഖലകൾ നിർമിക്കാനാണ് ഗതാഗത അതോറിറ്റി പ്രവർത്തിച്ചുവരുന്നത്. രാജ്യത്തെ നഗരങ്ങളെയും ഇടത്തരം ചെറുപട്ടണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക, ദൂരം കുറക്കുക, വിനോദസഞ്ചാരികളും ഇരുഹറമുകളിലേക്ക് പോകുന്നവരുൾപ്പെടെയുള്ളവർക്ക് സഞ്ചാരം സുഗമമാക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. സർക്കാർ, സ്വകാര്യ മേഖലകളുടെ വികസനത്തിനുമാണ്. വിദഗ്ധരായ ആളുകളുടെ നേതൃത്വത്തിൽ റോഡ് മേഖലയെ ശക്തിപ്പെടുത്താനും നിലനിർത്താനും റോഡ് നെറ്റ്വർക്കിന്റെ ഗുണനിലവാരവും അതിന്റെ ഉപയോക്താക്കളുടെ അനുഭവവും മെച്ചപ്പെടുത്താനുമാണ് റോഡ് സെക്ടർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗുണനിലവാരം, ട്രാഫിക് സുരക്ഷ, ട്രാഫിക് തിരക്ക് എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.