ദമ്മാം: മഹാമാരി കവർന്ന മൂന്നു വർഷങ്ങൾക്കുശേഷം ആഘോഷിക്കാൻ കിട്ടിയ ഓണത്തെ ഗംഭീരമാക്കാനുള്ള ഓട്ടത്തിലാണ് പ്രവാസികൾ. ദുരിതങ്ങൾ പെയ്തുതോർന്ന പുതിയ വർഷത്തിൽ ആഘോഷ പ്രതാപങ്ങളെ തിരിച്ചുപിടിക്കാൻ ഒരുങ്ങി പ്രവാസി സംഘടനകളും. വമ്പൻ ഓഫറുകളുമായി ഹൈപ്പർ, സൂപ്പർമാർക്കറ്റുകളും വസ്ത്രശാലകളും ഓൺലൈൻ വ്യാപാര സംഘങ്ങളും സജീവമായതോടെ ഗൾഫിലെ ഓണം കെങ്കേമമാക്കാൻ ആവശ്യമായതെല്ലാം വാങ്ങിക്കൂട്ടി കാത്തിരിക്കുകയാണ് പ്രവാസികൾ.
സ്കൂൾ അവധി പ്രമാണിച്ച് നാട്ടിൽ പോയ കുടുംബങ്ങളിൽ മിക്കവരും സ്കൂൾ തുറന്നതോടെ തിരിച്ചെത്തിയിട്ടുണ്ട്. ഗൾഫിലെ ചൂടു കുറഞ്ഞുവരുന്ന സുഖകരമായ കാലാവസ്ഥ ഓണാഘോഷങ്ങൾക്ക് അനുകൂല സാഹചര്യമാകുന്നുണ്ട്. വ്യാഴാഴ്ചയാണ് ഓണമെങ്കിലും അവധിദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിലാണ് ഓണാഘോഷത്തിനായി പ്രവാസികൾ തിരഞ്ഞെടുത്തിട്ടുള്ളത്. ഓണക്കോടിയും കസവുമുണ്ടും ജുബ്ബയുമെല്ലാം ഹൈപ്പർമാർക്കറ്റുകളിൽ നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു.
'വാഴയില' തന്നെയാണ് ഇത്തവണയും ഓണാഘോഷത്തിലെ പ്രധാന താരം. രണ്ടു റിയാൽ വരെ ഒരിലക്ക് വിലയുണ്ട്. ചില ഹൈപ്പർമാർക്കറ്റുകൾ ഇലക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരാൾക്ക് മൂന്ന് ഇലയിൽ കൂടുതൽ കൊടുക്കില്ലെന്നാണ് നിയമം. ഉപ്പേരിയും ശർക്കരപെരട്ടിയും കദളിപ്പഴവുമൊക്കെ ലഭ്യമാണ്. മിക്ക സംഘടനകളും സദ്യയുൾപ്പെടെയുള്ള ഓണപ്പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്.
തിരുവോണ ദിവസം മലയാളികൾ അധികം ജോലിചെയ്യുന്ന പല കമ്പനികളും ഓണസദ്യകൾ സംഘടിപ്പിച്ചിട്ടുണ്ട്. സദ്യയിലെ വിഭവങ്ങളുടെ എണ്ണത്തിലുള്ള മത്സരമാണ് ഹോട്ടലുകൾ തമ്മിൽ നടക്കുന്നത്.
25 മുതൽ 40 റിയാൽ വരെയാണ് ഓണസദ്യക്ക് റസ്റ്റാറൻറുകൾ ഈടാക്കുന്നത്. ഓണപ്പൂക്കളമൊരുക്കാൻ പൂക്കളൊന്നും കിട്ടാൻ സാധ്യതയില്ലാത്തതിനാൽ പതിവുപോലെ തേങ്ങാപ്പൊടിയും ഉപ്പും നിറങ്ങൾ ചേർത്ത് അതുകൊണ്ട് പൂക്കളം വരച്ച് തൃപ്തിപ്പെടുകയാണ്. ഇത്തവണ പലയിടത്തും പ്രത്യക്ഷപ്പെടുന്ന മാവേലി ന്യൂജൻ സ്റ്റൈലിലാണ്. ഓണമെത്തുന്നതിനു മുമ്പേ കിട്ടിയ അവധിദിവസമെന്ന നിലയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഓണാഘോഷം സംഘടിപ്പിച്ച സംഘടനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.