ദമ്മാം: അകാലത്തിൽ പൊലിഞ്ഞ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പി.എം. നജീബിന്റെ ഒന്നാം വാർഷിക ഓർമദിനം ദമ്മാം റീജനൽ കമ്മിറ്റി ആചരിച്ചു.
'മറക്കില്ലൊരിക്കലും' എന്ന ശീർഷകത്തിൽ നടന്ന ഓർമദിന സമ്മേളനം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കോൺഗ്രസ് സംഘടന പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിനൊപ്പം പൊതുസമൂഹവുമായി കക്ഷി രാഷ്ട്രീയത്തിനതീതമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പി.എം. നജീബ് ഒരു മാതൃക പൊതുപ്രവർത്തകനായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത അഹമ്മദ് പുളിക്കൽ പറഞ്ഞു. പി.എം. നജീബുമായുള്ള ഓർമകൾ നിരവധി പേർ പങ്കുവെച്ചു.
അദ്ദേഹത്തിന്റെ മക്കളായ സന ഫാത്തിമയും സാദ് നജീബും മരുമകൻ മുനവ്വറും സഹോദരീഭർത്താവ് ഇബ്രാഹിം സുബ്ഹാനും അടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുത്ത സദസ്സ് വികാരനിർഭര രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പിതാവിന്റെ അവസാന നാളുകളെക്കുറിച്ച് മകൻ സാദ് നജീബ് വിവരിച്ചത് സദസ്സിലുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചു.
മാധ്യമ പ്രവർത്തകരായ പി.എ.എം. ഹാരിസ്, മുജീബ് കളത്തിൽ, പി.ടി. അലവി, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, ഡോ. രാജീവൻ, ഹിദ്ർ മുഹമ്മദ്, അഷറഫ് ആലുവ, ബിജു പൂതക്കുളം, ജയൻ കണ്ണൂർ, ഒ.ഐ.സി.സി നേതാക്കളായ സി. അബ്ദുൽ ഹമീദ്, രമേശ് പാലക്കാട്, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, രാധിക ശ്യാം പ്രകാശ് എന്നിവർ പി.എം. നജീബിനെ അനുസ്മരിച്ച് സംസാരിച്ചു. ഇ.കെ. സലിം സ്വാഗതവും ഹനീഫ് റാവുത്തർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.