ജിദ്ദ: യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് അടിയന്തര സഹായമായി ഒരു കോടി ഡോളറിന്‍റെ സഹായം നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. യുക്രെയ്നിൽനിന്ന് അയൽരാജ്യങ്ങളിൽ, പ്രത്യേകിച്ച് പോളണ്ടിൽ അഭയംപ്രാപിച്ചവർക്ക് കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി വൈദ്യസഹായമുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾക്കാണ് ഇത്രയും സംഖ്യ നൽകാനുള്ള നിർദേശം. പോളണ്ട് സർക്കാറും യു.എൻ സംഘടനങ്ങളുമായും ഏകോപിച്ചായിരിക്കും സഹായം വിതരണം ചെയ്യുക.
ലോകമെമ്പാടുമുള്ള ദുരിതബാധിതരും ദരിദ്രരുമായ ആളുകൾക്കൊപ്പം നിൽക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനും സൗദി അറേബ്യ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് സഹായം നൽകാനുള്ള സൽമാൻ രാജാവിന്‍റെ നിർദേശമെന്ന് കിങ് സൽമാൻ റിലീഫ് സെന്‍റർ (കെ.എസ് റിലീഫ്) ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല അൽറബിഅ സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സൽമാൻ രാജാവിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഇത് രാജ്യത്തിന്‍റെ നേരായ മാനുഷിക നിലപാടിനെയും സമീപനത്തെയും പ്രതിഫലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.