റിയാദ്: റിയാദ് കെ.എം.സി.സി ന്യൂ സനാഇയ്യ ഏരിയ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ന്യൂ സനാഇയ്യ ഒയാസിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് നാസർ ആവിലോറ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷിഫ്നാസ് ശാന്തിപുരം സംഗമം ഉദ്ഘാടനം ചെയ്തു.
ഫലസ്തീനിലെ പോരാളികളായ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. നൂറ്റാണ്ടുകളായി കിരാത യാതനകൾ സഹിക്കുന്ന, സ്വന്തം മണ്ണിനുവേണ്ടി പോരാടുന്ന ഫലസ്തീൻ മക്കൾ അവരുടെ വിശ്വാസത്തിന്റെ ബലം കൊണ്ടാണ് പിടിച്ചുനിൽക്കുന്നതെന്നും അവരുടെ ചെറുത്തുനിൽപ്പും പ്രതിരോധവും പോരാട്ടവും ലോകത്ത് പകരം വെക്കാനില്ലാത്ത ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി, ജവർഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയ ഇന്ത്യൻ നേതാക്കളും എല്ലാ സർക്കാറുകളും ഫലസ്തീനെ എന്നും പിന്തുണച്ച ചരിത്രമാണുള്ളതെന്നും മുസ്ലിം ലീഗ് നേതാവായിരുന്ന ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന കാലത്ത് ഫലസ്തീൻ സന്ദർശിക്കുകയും ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിക്കുകയും ചെയ്ത സംഭവം അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയ കെ.എം.സി.സി വൈസ് പ്രസിഡൻറ് ഇക്ബാൽ കവന്നൂർ പ്രമേയം അവതരിപ്പിച്ചു. നിലവിലെ ഇന്ത്യൻ സർക്കാറിെൻറ നിലപാട് മുമ്പ് രാജ്യം ഭരിച്ച സർക്കാറുകളുടെ നിലപാടുകളിൽനിന്ന് വിഭിന്നമാണെന്നും ഫലസ്തീൻ ജനതയോട് ഐക്യപ്പെടുന്ന നിലപാടിലേക്ക് സർക്കാർ തിരിച്ചുവരണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അബൂബക്കർ ഒളവട്ടൂർ ഫലസ്തീൻ ഐക്യദാർഢ്യ ഗാനം ആലപിച്ചു. അബ്ദുൽ ബാസിത് നൂരി ഫലസ്തീൻ ജനതക്കുവേണ്ടിയുള്ള പ്രാർഥനക്ക് നേതൃത്വം നൽകി. ഷെറിൻ ഷരീഫ്, അബ്ദുസ്സമദ്, അൻസാർ, യൂനുസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഏരിയ ജനറൽ സെക്രട്ടറി മഹദി ഹസൻ കക്കുളങ്ങര സ്വാഗതവും ജോ. സെക്രട്ടറി ഫൈസൽ പുത്തൂർമഠം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.