ആഗോള ആരോഗ്യമേള റിയാദിൽ ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ-ജലാജിൽ ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യരംഗത്ത് സ്വകാര്യ പങ്കാളിത്തം: അഞ്ചു വർഷത്തിനുള്ളിൽ 100 പുതിയ പദ്ധതി –മന്ത്രി

റിയാദ്: ആരോഗ്യരംഗത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യ പങ്കാളിത്തത്തോടെ 100 പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ. റിയാദ് അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ച ആഗോള ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപ സാധ്യത 4800 കോടി റിയാലാണ്.

രാജ്യത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ രണ്ടു മെഡിക്കൽ സിറ്റികൾ, രോഗികളുടെ പുനരധിവാസത്തിനും ദീർഘകാല പരിചരണത്തിനും 900 കിടക്കയുള്ള കേന്ദ്രം, 200 കേന്ദ്രങ്ങളിൽ പ്രാഥമികാരോഗ്യ സേവനങ്ങളുടെ പുനഃക്രമീകരണം, രാജ്യത്തുടനീളം എയർ മെഡിക്കൽ ഗതാഗതം, റേഡിയോളജി സേവനം എന്നിവ ഇതിൽ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ നിക്ഷേപകരുടെ യാത്ര സുഗമമാക്കുന്നതിനും ലൈസൻസിനുമുള്ള നടപടി സമഗ്രമായി വികസിപ്പിച്ചതോടൊപ്പം മന്ത്രാലയം കാൾ സെന്ററും സ്ഥാപിച്ചു. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ നിർമാണ-വിതരണം തദ്ദേശവത്കരിക്കുക എന്നതാണ് 'വിഷൻ 2030'ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് -മന്ത്രി പറഞ്ഞു.

ലോകാരോഗ്യ ഫോറത്തിന്റെ ഭാഗമായി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യതയെക്കുറിച്ച് അവബോധം വളർത്തുന്നതിനും സ്വകാര്യ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, പ്രാദേശിക ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ എന്നിവയുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ സംയോജനം സൃഷ്ടിക്കുക, നിക്ഷേപസാധ്യത ഒരുക്കുക, വിഷൻ 2030 ലക്ഷ്യമാക്കിയുള്ള പ്രവർത്തനം സംഘടിപ്പിക്കുക, ആരോഗ്യപരിപാലന മേഖലയിൽ ഡിജിറ്റൽ പരിവർത്തനം നടത്തുക എന്നിവയാണ് ലോകാരോഗ്യ ഫോറത്തിന്റെ ലക്ഷ്യം.

Tags:    
News Summary - Private participation in health sector: 100 new projects in five years - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.