ഖസീം: ഖസീം പ്രവിശ്യയിലെ പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. പൊതുഗതാഗത അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് അൽ റുമൈഹിന്റെ സാന്നിധ്യത്തിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ മിശ്അൽ ആണ് ബുറൈദ, ഉനൈസ മേഖലയിലെ പൊതുഗതാഗത പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിയിൽ പൊതുഗതാഗത സേവനത്തിനായി 12 റോഡുകളും 73 ബസുകളും ആണുള്ളത്. ബുറൈദ, ഉനൈസ എന്നിവിടങ്ങളിൽ 210 സ്റ്റോപ്പിങ് പോയൻറുകൾ ഉണ്ടാവും. മേഖലയിലെ ജനങ്ങൾക്കും സന്ദർശകർക്കുമായി ദിവസം 18 മണിക്കൂർ ബസ് സർവിസുണ്ടാവും. രണ്ടാംഘട്ടത്തിൽ മേഖലയിലെ മറ്റ് പട്ടണങ്ങളിലേക്കും ബസ് സർവിസുകൾ ആരംഭിക്കും. പദ്ധതി നടപ്പാക്കിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രവിശ്യ ഗവർണർ പ്രദേശത്തെ ജനങ്ങളുടെ നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഖസീം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മേഖലയിലെ പൊതുഗതാഗത സംസ്കാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഗതാഗത അതോറിറ്റി ചെയർമാൻ അൽറുമൈഹ് പറഞ്ഞു. റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും മേഖലക്കുള്ളിലെ സഞ്ചാരം സുഗമമാക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും കൂടിയാണിത്. ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മാതൃകകൾക്കും അനുസൃതമായി രാജ്യത്തെ പൊതുഗതാഗത മേഖല വികസിപ്പിക്കുന്നതിന് പൊതുഗതാഗത അതോറിറ്റിക്ക് തികഞ്ഞ പ്രതിബദ്ധതയാണുള്ളതെന്നും അൽറുമൈഹ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.