ബൽവീന്ദർ സിങ് (മധ്യത്തിൽ) നാട്ടിലേക്ക്​ യാത്ര തിരിക്കും മുമ്പ്​ ഇന്ത്യൻ എംബസി വെൽഫയർ വിങ്​ അറ്റാഷെ രാജീവ്​ സിക്കരി, സഹ ഉദ്യോഗസ്​ഥൻ യുസുഫ്​ കാക്കഞ്ചേരി എന്നിവരോടൊപ്പം

വധശിക്ഷ ഒഴിവായ പഞ്ചാബിക്ക്​ സൗദി ജയിലിൽനിന്ന്​ 10 വർഷത്തിന്​ ശേഷം മോചനം

ദമ്മാം: ​ഈജിപ്തുകാരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പഞ്ചാബ്​ സ്വദേശിക്ക്​ വൻതുക ദിയാധനം നൽകി മോചനം. ഇന്ത്യൻ എംബസി വെൽഫെയർ വിങ്​ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ്​ കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 10 ലക്ഷം റിയാൽ (രണ്ട്​ കോടി രൂപയിലേറെ) ദിയാധനം നൽകി പഞ്ചാബ്​ മുഖ്​തസർ സാബ് മല്ലാൻ സ്വദേശി ബൽവീന്ദർ സിങ്ങിനെ മോചിപ്പിക്കാൻ കഴിഞ്ഞത്​. വ്യാഴാഴ്ച ജയിൽ മോചിതനായ ബൽവീന്ദർ​​ സിങ്​​ വൈകീട്ട്​ 3.45ന്​ റിയാദിൽനിന്ന്​ എയർ ഇന്ത്യയുടെ ഡൽഹി വിമാനത്തിൽ നാട്ടിലേക്ക്​ തിരിച്ചു. ഇന്ത്യൻ എംബസിയുടെ പ്രതിനിധികൾ യാത്രയാക്കാൻ റിയാദ്​ വിമാനത്താവളത്തിൽ എത്തിയിരുന്നു.

2013 മേയ്​ മാസത്തിലാണ്​ കേസിനാസ്പദമായ സംഭവം​. ഡ്രൈവറായി ജോലിചെയ്യുന്ന ബൽവീന്ദർ​ സിങ്ങും സുഹൃത്ത്​ ജിതേന്ദ്ര സിങ്ങും ഈജിപ്​ഷ്യൻ പൗരനായ ഈദ് ഇബ്രാഹീമുമായി വാക്ക്​ തർക്കമുണ്ടാവുകയായിരുന്നു. തർക്കം മുറുകിയതോടെ വാഹനത്തിലുണ്ടായിരുന്ന ലിവർ ഉപയോഗിച്ച്​ ബൽവീന്ദർ​ സിങ്​​ ഈദ്​ ഇബ്രാഹീമി​ന്റെ തലക്കടിച്ചു. തലപിളർന്ന ഇദ്ദേഹം തൽക്ഷണം മരിച്ചു. തുടർന്ന് പൊലീസ്​ ഇരുവരെയും അറസ്​റ്റ്​​ ചെയ്​തു. ബൽവീന്ദർ​ സിങ്​ കുറ്റമേൽക്കുകയും തെളിവുകൾ എതിരാവുകയും ചെയ്തതോടെ സൗദി ക്രിമിനൽ കോടതി പൊതുനിയമപ്രകാരം അഞ്ചുവർഷത്തെ തടവിന്​ വിധിച്ചു. ഒപ്പമുണ്ടായിരുന്ന ജിതേന്ദ്ര സിങ്ങിന്​ മൂന്നുവർഷത്തെ തടവും.

എന്നാൽ, കൊല്ലപ്പെട്ടയാളുടെ കുടുംബം വിധശിക്ഷ നൽകണമെന്ന്​ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനിടെ ജിതേന്ദ്ര സിങ്​ മൂന്നുവർഷത്തെ​​ ശിക്ഷാകാലാവധി പൂർത്തിയാക്കി​ നാട്ടിലേക്ക്​ മടങ്ങി. ബൽവീന്ദർ സിങ്ങി​ന്റെ കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടുകയും വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങുകയുമായിരുന്നു. ഈജിപ്​ഷ്യൻ എംബസിയുടെ സഹായത്തോടെ നടത്തിയ നീക്കത്തി​ന്റെ ഫലമായി ദിയാധനം സ്വീകരിച്ച്​ പ്രതിക്ക്​ മാപ്പ്​ നൽകാൻ കൊല്ലപ്പെട്ടയാളുടെ കുടുംബം തയാറായി. 10 ലക്ഷം ഡോളറാണ്​ ദിയാധനമായി കുടുംബം ആദ്യം ആവശ്യ​പ്പെട്ടത്​. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ വീണ്ടും ഇവരോട്​ ഇളവിനായി അപേക്ഷിക്കുകയായിരുന്നു. കേവിഡ്​ കാലമെത്തിയതോടെ ചർച്ചകൾ വഴിമുട്ടുകയും ചെയ്തു.

എന്നാൽ, ബൽവീന്ദർ​ സിങ്ങി​ന്റെ വധശിക്ഷ നടപ്പാക്കപ്പെടുന്ന ഘട്ടമെത്തിയതോടെ എംബസി കുടുതൽ ജാഗ്രതയോടെ നീക്കങ്ങൾ നടത്തി. കുടുംബവുമായി കൂടുതൽ ചർച്ചകൾ നടത്തുകയും 10 ലക്ഷം ഡോളർ എന്നത്​ 10 ലക്ഷം റിയാൽ ആയി കുറ​ക്കാൻ കുടുംബം തയാറാവുകയും ചെയ്​തു. ബൽവീന്ദർ​ സിങ്ങി​ന്റെ ഗ്രാമത്തിലുള്ളവർ ചേർന്ന്​ രൂപവത്​കരിച്ച കമ്മിറ്റിയാണ്​ ഇത്രയും വലിയ തുക കണ്ടെത്തിയത്​. ഒരു വർഷം മുമ്പ്​ ദിയാധനം കോടതിക്ക്​ കൈമാറിയെങ്കിലും നടപടിക്രമങ്ങൾ വൈകുകയായിരുന്നു.

ഇന്ത്യൻ എംബസി വെൽഫയർ വിങ്​ അറ്റാഷെ രാജീവ്​ സിക്കരി, സഹ ഉദ്യോഗസ്ഥൻ യുസുഫ്​ കാക്കഞ്ചേരി എന്നിവരാണ്​ മോചനത്തിനായി അക്ഷീണം യത്നിച്ചത്​. റിയാദിലെ സാമൂഹിക പ്രവർത്തകനായ രാജസ്ഥാൻ സ്വദേശി മുഹമ്മദ്​ യാക്കൂബിന്​ കുടുംബം ഈ കേസിൽ ഇടപെടാൻ അനുമതി പത്രം നൽകിയിരുന്നു. യുസുഫ്​ കാക്കഞ്ചേരിയും മുഹമ്മദ്​ യാക്കൂബും ബൽവീന്ദർ​ സിങ്ങിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തി. മരണത്തി​ൽനിന്ന്​ ത​ന്നെ രക്ഷിച്ച ഇരുവരോടും കണ്ണീരിൽ കുതിർന്ന നന്ദിചൊല്ലിയാണ്​ ബൽവീന്ദർ സിങ്​ വിമാനം കയറിയത്​.

Tags:    
News Summary - Punjabi man, who escaped death penalty, is released from Saudi prison after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.