വധശിക്ഷ ഒഴിവായ പഞ്ചാബിക്ക് സൗദി ജയിലിൽനിന്ന് 10 വർഷത്തിന് ശേഷം മോചനം
text_fieldsദമ്മാം: ഈജിപ്തുകാരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പഞ്ചാബ് സ്വദേശിക്ക് വൻതുക ദിയാധനം നൽകി മോചനം. ഇന്ത്യൻ എംബസി വെൽഫെയർ വിങ് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 10 ലക്ഷം റിയാൽ (രണ്ട് കോടി രൂപയിലേറെ) ദിയാധനം നൽകി പഞ്ചാബ് മുഖ്തസർ സാബ് മല്ലാൻ സ്വദേശി ബൽവീന്ദർ സിങ്ങിനെ മോചിപ്പിക്കാൻ കഴിഞ്ഞത്. വ്യാഴാഴ്ച ജയിൽ മോചിതനായ ബൽവീന്ദർ സിങ് വൈകീട്ട് 3.45ന് റിയാദിൽനിന്ന് എയർ ഇന്ത്യയുടെ ഡൽഹി വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യൻ എംബസിയുടെ പ്രതിനിധികൾ യാത്രയാക്കാൻ റിയാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു.
2013 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഡ്രൈവറായി ജോലിചെയ്യുന്ന ബൽവീന്ദർ സിങ്ങും സുഹൃത്ത് ജിതേന്ദ്ര സിങ്ങും ഈജിപ്ഷ്യൻ പൗരനായ ഈദ് ഇബ്രാഹീമുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. തർക്കം മുറുകിയതോടെ വാഹനത്തിലുണ്ടായിരുന്ന ലിവർ ഉപയോഗിച്ച് ബൽവീന്ദർ സിങ് ഈദ് ഇബ്രാഹീമിന്റെ തലക്കടിച്ചു. തലപിളർന്ന ഇദ്ദേഹം തൽക്ഷണം മരിച്ചു. തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ബൽവീന്ദർ സിങ് കുറ്റമേൽക്കുകയും തെളിവുകൾ എതിരാവുകയും ചെയ്തതോടെ സൗദി ക്രിമിനൽ കോടതി പൊതുനിയമപ്രകാരം അഞ്ചുവർഷത്തെ തടവിന് വിധിച്ചു. ഒപ്പമുണ്ടായിരുന്ന ജിതേന്ദ്ര സിങ്ങിന് മൂന്നുവർഷത്തെ തടവും.
എന്നാൽ, കൊല്ലപ്പെട്ടയാളുടെ കുടുംബം വിധശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനിടെ ജിതേന്ദ്ര സിങ് മൂന്നുവർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ബൽവീന്ദർ സിങ്ങിന്റെ കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടുകയും വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങുകയുമായിരുന്നു. ഈജിപ്ഷ്യൻ എംബസിയുടെ സഹായത്തോടെ നടത്തിയ നീക്കത്തിന്റെ ഫലമായി ദിയാധനം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ടയാളുടെ കുടുംബം തയാറായി. 10 ലക്ഷം ഡോളറാണ് ദിയാധനമായി കുടുംബം ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ വീണ്ടും ഇവരോട് ഇളവിനായി അപേക്ഷിക്കുകയായിരുന്നു. കേവിഡ് കാലമെത്തിയതോടെ ചർച്ചകൾ വഴിമുട്ടുകയും ചെയ്തു.
എന്നാൽ, ബൽവീന്ദർ സിങ്ങിന്റെ വധശിക്ഷ നടപ്പാക്കപ്പെടുന്ന ഘട്ടമെത്തിയതോടെ എംബസി കുടുതൽ ജാഗ്രതയോടെ നീക്കങ്ങൾ നടത്തി. കുടുംബവുമായി കൂടുതൽ ചർച്ചകൾ നടത്തുകയും 10 ലക്ഷം ഡോളർ എന്നത് 10 ലക്ഷം റിയാൽ ആയി കുറക്കാൻ കുടുംബം തയാറാവുകയും ചെയ്തു. ബൽവീന്ദർ സിങ്ങിന്റെ ഗ്രാമത്തിലുള്ളവർ ചേർന്ന് രൂപവത്കരിച്ച കമ്മിറ്റിയാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. ഒരു വർഷം മുമ്പ് ദിയാധനം കോടതിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങൾ വൈകുകയായിരുന്നു.
ഇന്ത്യൻ എംബസി വെൽഫയർ വിങ് അറ്റാഷെ രാജീവ് സിക്കരി, സഹ ഉദ്യോഗസ്ഥൻ യുസുഫ് കാക്കഞ്ചേരി എന്നിവരാണ് മോചനത്തിനായി അക്ഷീണം യത്നിച്ചത്. റിയാദിലെ സാമൂഹിക പ്രവർത്തകനായ രാജസ്ഥാൻ സ്വദേശി മുഹമ്മദ് യാക്കൂബിന് കുടുംബം ഈ കേസിൽ ഇടപെടാൻ അനുമതി പത്രം നൽകിയിരുന്നു. യുസുഫ് കാക്കഞ്ചേരിയും മുഹമ്മദ് യാക്കൂബും ബൽവീന്ദർ സിങ്ങിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തി. മരണത്തിൽനിന്ന് തന്നെ രക്ഷിച്ച ഇരുവരോടും കണ്ണീരിൽ കുതിർന്ന നന്ദിചൊല്ലിയാണ് ബൽവീന്ദർ സിങ് വിമാനം കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.