അ​ബ്​​ദു​ൽ റ​ഹീം

റിയാദ് പബ്ലിക് ജയിലിലെ എഫ്-31ാം നമ്പർ സെല്ലിൽ റഹീമും സഹതടവുകാരും ഹാപ്പിയാണ്

റിയാദ്: റിയാദ് പബ്ലിക് ജയിലിലെ എഫ്-31ാം നമ്പർ സെല്ലിൽ അതീവ സന്തുഷ്‌ടനാണ് അബ്ദുൽ റഹീമും സഹതടവുകാരും. 18 വർഷത്തെ തടവറ ജീവിതത്തിൽ നിന്നും വധശിക്ഷയിൽ നിന്നും മോചിതനായി വിശാല ലോകത്തേക്കുള്ള ജീവിത യാത്ര സാധ്യമാകാനുള്ള അവസരം ഒരുങ്ങുന്നതിനേക്കാളേറെ ലോകം തനിക്ക് വേണ്ടി ഐക്യപ്പെട്ടതിലും, മലയാളി സമൂഹം തന്റെ ജീവന്റെ വിഷയം പരിഗണിച്ചതിലുമാണ് ഏറെ സന്തോഷമെന്ന് ജയിലിൽ നിന്നുള്ള ടെലിഫോൺ സംഭാഷണത്തിൽ റഹീം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

മുഴുവൻ തുകയും സമാഹരിക്കപ്പെട്ട വാർത്ത അറിഞ്ഞ് സഹതടവുകാരെല്ലാം വന്ന് കെട്ടിപ്പുണരുകയും അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ചിലർ ശേഖരിച്ചു വെച്ചിരുന്ന മധുരം തന്നു. മറ്റു ചിലർ പ്രാർഥനാപൂർവ്വം നല്ല വാക്കുകൾ പറഞ്ഞു. ഇനി എന്റെ സന്തോഷത്തിൽ പങ്കുചേർന്ന സഹോദരന്മാർക്ക് മധുരം നൽകണം. അതിനായി ജയിലിലേക്ക് ഭക്ഷണം കൊണ്ടുവരുന്ന വാഹനത്തിൽ മുൻകൂട്ടി ഓർഡർ കൊടുക്കണം. ഇതിനായുള്ള പണം സുഹൃത്ത് ഷൗക്കത്തിനോട് എംബസി പ്രതിനിധി യൂസഫ്ക്കയെ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. പണം അദ്ദേഹം ജയിലിൽ കൊണ്ടുവന്ന് അടച്ചാൽ അവർക്ക് മധുരം നൽകണം -റഹീം പറഞ്ഞു.

കന്യാകുമാരിക്കാനായ ഒരാൾ മാത്രമാണ് സഹതടവുകാരിൽ മലയാളം സംസാരിക്കാൻ കൂട്ടുള്ളത്. ബാക്കി എല്ലാവരും മറുഭാഷക്കാരാണ്. എങ്കിലും അവർ തരുന്ന സ്നേഹത്തിന് ഭാഷയോ രാജ്യാതിർത്തിയോ തടസ്സമല്ല. ജയിലിന് പുറത്ത് തനിക്ക് വേണ്ടി നടക്കുന്നതെല്ലാം സമയാസമയം അറിയുന്നുണ്ട്. ഇത്ര പെട്ടെന്ന് പണം സമാഹരിക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് പണം മാത്രമല്ല, അവരുടെ പ്രാർഥന കൂടിയാണ്. മോചനം സാധ്യമാകും വരെ പ്രാർഥന തുടരണമെന്നും റഹീം പറഞ്ഞു.

പണം സമാഹരിച്ചെങ്കിലും മോചനത്തിന് കടമ്പകൾ ഇനിയും ഏറെ ബാക്കിയുണ്ട്. പ്രതിസന്ധികളില്ലാതെ എല്ലാം എളുപ്പമാക്കാൻ എല്ലാവരും അവരവരുടെ വിശ്വാസപ്രകാരം പ്രാർഥിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പണം സമാഹരിച്ചു തുടങ്ങിയത് മുതൽ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും അഷ്‌റഫ് വേങ്ങാട്ടും അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഓരോ ദിവസവും അക്കൗണ്ടിലെത്തുന്ന പണത്തെക്കുറിച്ചും നാട്ടിലും പ്രവാസ ലോകത്തും മലയാളികൾ പണം സമാഹരിക്കാൻ നടത്തുന്ന ശ്രമങ്ങളുമെല്ലാം അറിയുന്നുണ്ടായിരുന്നു. അവരുടെയെല്ലാം ശ്രമങ്ങൾക്ക് ഫലം കാണാനും എനിക്ക് വേണ്ടി തിരക്കുകളെല്ലാം മാറ്റിവെച്ച് പണം സമാഹരിക്കാനും മറ്റ് സഹായത്തിനും ഇറങ്ങിയവർക്കെല്ലാം വേണ്ടി പുണ്യമാസത്തിൽ എന്റെ വിശ്വാസപ്രകാരം പ്രാർഥനയിലായിരുന്നു. പ്രാർഥന ഞാൻ ഇപ്പോഴും തുടരുകയാണ്. എത്രയും വേഗം ഉമ്മയെ കാണണം. സഹായിച്ച മുഴുവൻ മനുഷ്യർക്കും പുറത്ത് വന്ന് നന്ദി പറയണം. ആഗ്രഹം സഫലമാകാൻ ഇനിയും പ്രാർഥിക്കാൻ പറയണമെന്ന അഭ്യർഥനയോടെയാണ് മറുതലക്കൽ റഹീമിന്റെ ഫോൺ നിലച്ചത്.

Tags:    
News Summary - Rahim and fellow inmates are happy in cell number F-31 of Riyadh Public Jail.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.