റിയാദ്: സൗദി ജയിലിൽ മോചനം കാത്തുകഴിയുന്ന മകനെ പതിനെട്ട് വർഷത്തിനുശേഷം കെട്ടിപ്പുണർന്ന് ഒരുമ്മ. വധശിക്ഷ കാത്തിരിക്കുന്ന മകനൊരു തിരിച്ചുവരവ് ഇല്ലെന്നുറപ്പിച്ചിടത്ത് റിയാദ് സഹായസമിതിയുടെ അഭ്യർഥനയിൽ ഒഴുകിയെത്തിയ മലയാളക്കരയുടെ സ്നേഹനിധിയിൽ മകൻ നാടണയുന്നതും കാത്തിരിക്കുന്നതിനിടയിലാണ് റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ ജയിലിൽ അമ്മയും മകനും കെട്ടിപ്പുണർന്നത്. റഹീമിന്റെ സഹോദരൻ നസീറും അമ്മാവനും അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷിയായി.
കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിക്കാൻ മാതാവ് എത്തിയിരുന്നെങ്കിലും ജയിലിൽവെച്ച് കാണേണ്ടെന്ന നിലപാടിലായിരുന്നു റഹീം. തുടർന്ന് ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇന്നലെ കണ്ടത്. ‘എന്നെ കാണുന്നതിനുവേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ വന്നിരുന്നു. 18 വർഷമായി ജയിലിലാണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ ജയിൽ യൂനിഫോമിൽ കണ്ടിട്ടില്ല. ഉമ്മയുടെ മനസ്സിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമാണ്. അത് അങ്ങനെതന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ഞാൻ ജയിലിൽ ഉമ്മയെ കാണുമ്പോൾ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും. പ്രായം ചെന്ന ഉമ്മക്കും രക്തസമ്മർദം ഉൾപ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും. അത് വേണ്ടെന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവിൽ ഉമ്മയുടെ നിർബന്ധം കൊണ്ട് കാണാൻ തയാറായതെന്ന് റഹീം പറഞ്ഞു.
കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജയിലിലായതും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ടതും. അബദ്ധത്തിൽ സംഭവിച്ച തെറ്റിന് സൗദി കുടുംബം ദിയാധനം സ്വീകരിച്ച് റഹീമിനോട് കഷമിക്കാൻ തയാറായതോടെയാണ് മോചനത്തിനുള്ള കവാടം തുറക്കപ്പെട്ടത്. റഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച സഹായസമിതിയുടെ അക്ഷീണമായ ഇടപെടലും ഇന്ത്യൻ എംബസിയുടെ പിന്തുണയും ഒന്നിച്ചപ്പോൾ അസംഭവ്യമെന്നുകരുതിയിടത്ത് അത്ഭുതങ്ങൾക്ക് വഴിതുറന്നു. ദിയാധനമായി ആവശ്യപ്പെട്ട 36 കോടി ഇന്ത്യൻ രൂപക്കായി കേരളം ഒന്നിച്ചു. ജാതിമതഭേദമെന്യേ സഹായം ഒഴുകി. ദിവസങ്ങൾക്കകം തുക സ്വരൂപിച്ചു. അഭിഭാഷകർ വഴി കോടതിയുടെ ഉത്തരവിൽ ദിയാധനം സൗദി കുടുംബത്തിന് കൈമാറിയതോടെയാണ് മോചനത്തിന് വഴിതുറന്നത്. ഇന്നലെ ഉച്ചക്കുശേഷം എംബസിയിൽ എത്തിയ റഹീമിന്റെ ഉമ്മ, ഡി.സി.എം അബു മാത്തൻ, കമ്യൂണിറ്റി വെൽഫയർ കോൺസുലർ മോയിൻ അക്തർ, ജയിൽ അറ്റാഷെ രാജീവ് സിക്രി, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവരെ റഹീമിന്റെ കുടുംബത്തിന്റെ പ്രതിനിധിയായ സിദ്ധീഖ് തുവ്വൂരിന്റെ സാന്നിധ്യത്തിൽ നേരിൽ കണ്ടു സംസാരിച്ചു. റഹീമിന്റെ കാര്യത്തിൽ ഇടപെട്ട എംബസിക്കും ഉദ്യോഗസ്ഥർക്കും റിയാദിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകർക്കും പ്രത്യേകം നന്ദി പറഞ്ഞു. രണ്ടുമണിക്കൂറോളം നീണ്ട സന്ദർശനത്തിൽ ഇതുവരെ നടന്ന മുഴുവൻ കോടതി വ്യവഹാരങ്ങളെക്കുറിച്ചും മറ്റും മോയിൻ അക്തറിന്റെയും രാജീവ് സിക്രിയുടെയും സിദ്ധീഖ് തുവ്വൂരിന്റെയും സാന്നിധ്യത്തിൽ യൂസഫ് കാക്കഞ്ചേരി ഉമ്മക്കും ജ്യേഷ്ഠനും അമ്മാവനും വ്യക്തമാക്കിക്കൊടുത്തു. കഴിഞ്ഞ കുറച്ച് നാളായി പുറത്ത് നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ വിവാദങ്ങളും കോലാഹലങ്ങളും ചർച്ചകളും മറ്റും തീർത്തും ബാലിശവും അനവസരത്തിലുള്ളതും മോശവുമായിപ്പോയി എന്ന് കുടുംബത്തിന് ബോധ്യപ്പെട്ടു. റിയാദിലെ റഹീം നിയമസഹായ സമിതി എത്രത്തോളം റഹീമിനുവേണ്ടി പ്രവർത്തിച്ചുവെന്നും കുടുംബത്തിന് ബോധ്യപ്പെട്ടു. ചില ആളുകളാൽ തെറ്റിദ്ധാരണ ഉണ്ടായെന്ന് കുടുംബം അറിയിച്ചു.
ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് എംബസിയിൽ എത്തിയ ഉമ്മയും ജ്യേഷ്ഠനും അമ്മാവനും അഞ്ചു മണിയോടുകൂടി പൂർണ സംതൃപ്തരായാണ് എംബസിയിൽനിന്ന് മടങ്ങിയത്. ഈമാസം 17ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിക്കുന്നുണ്ട്. അന്ന് റഹീമിന്റെ മോചന ഉത്തരവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.