റിയാദ്: സൗദി ജയിലിൽ മോചനം കാത്തുകഴിയുന്ന മകൻ റഹീമിനെ പതിനെട്ട് വർഷത്തിനുശേഷം കെട്ടിപ്പുണർന്ന് ഉമ്മ. വധശിക്ഷ കാത്തിരിക്കുന്ന മകനൊരു തിരിച്ചുവരവ് ഇല്ലെന്നുറപ്പിച്ചിടത്ത് റിയാദ് സഹായസമിതിയുടെ അഭ്യർഥനയിൽ ഒഴുകിയെത്തിയ മലയാളക്കരയുടെ സ്നേഹനിധിയിൽ മകൻ നാടണയുന്നതും കാത്തിരിക്കുന്നതിനിടയിലാണ് റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ ജയിലിൽ അമ്മയും മകനും കെട്ടിപ്പുണർന്നത്. റഹീമിന്റെ സഹോദരൻ നസീറും അമ്മാവനും അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷിയായി.
കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിക്കാൻ മാതാവ് എത്തിയിരുന്നെങ്കിലും ജയിലിൽവെച്ച് കാണേണ്ടെന്ന നിലപാടിലായിരുന്നു റഹീം. തുടർന്ന് ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിങ്കളാഴ്ച കണ്ടത്.
കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജയിലിലായതും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ടതും. അബദ്ധത്തിൽ സംഭവിച്ച തെറ്റിന് സൗദി കുടുംബം ദിയാധനം സ്വീകരിച്ച് റഹീമിനോട് ക്ഷമിക്കാൻ തയാറായതോടെയാണ് മോചനത്തിനുള്ള കവാടം തുറക്കപ്പെട്ടത്. ദിയാധനമായി ആവശ്യപ്പെട്ട 36 കോടി ഇന്ത്യൻ രൂപക്കായി കേരളം ഒന്നിച്ചു. ജാതിമതഭേദമെന്യേ സഹായം ഒഴുകി.
തിങ്കളാഴ്ച ഉച്ചക്കുശേഷം എംബസിയിൽ എത്തിയ റഹീമിന്റെ ഉമ്മ ഉദ്യോഗസ്ഥരെ കുടുംബത്തിന്റെ പ്രതിനിധിയായ സിദ്ധീഖ് തുവ്വൂരിന്റെ സാന്നിധ്യത്തിൽ നേരിൽ കണ്ടു സംസാരിച്ചു. ഈമാസം 17ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിക്കുന്നുണ്ട്. അന്ന് റഹീമിന്റെ മോചന ഉത്തരവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.