റിയാദ്: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യപ്പെട്ട സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ബത്ഹയിൽ ഒരുമിച്ചുകൂടി. മധുരം പങ്കിട്ടും രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചും സുപ്രീംകോടതി വിധി പ്രവർത്തകർ സ്വാഗതം ചെയ്തു. ജനാധിപത്യത്തിലും നീതിപീഠത്തിലും ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ടെന്ന സന്ദേശം നൽകുന്നതാണ് വിധിയെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
വർത്തമാനകാല പ്രതിസന്ധികളെ നിർഭയത്വത്തോടെ നേരിടാൻ കെൽപ്പുള്ള നേതാവായി രാഹുൽ മാറിയെന്നും മതേതര ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം അടിയുറച്ചുനിൽക്കാൻ ഒരുങ്ങണമെന്നും പ്രവർത്തകരോട് സെൻട്രൽ കമ്മറ്റി സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര ആവശ്യപ്പെട്ടു. മണിപ്പൂർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ സാധാരണ മനുഷ്യർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ നേരിൽക്കണ്ടയാളാണ് രാഹുൽ ഗാന്ധി.
രാജ്യത്തിന്റെ ശ്രദ്ധ മണിപ്പൂരിലേക്ക് കൊണ്ടുവന്ന് നീതി ഉറപ്പാക്കുമെന്ന ആശ്വാസം കൂടിയാണ് രാഹുൽ ഗാന്ധി യോഗ്യത നേടിയതിലൂടെ നമുക്കുണ്ടാകുന്നതെന്ന് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് പറഞ്ഞു.
ചടങ്ങ് നൗഫൽ പാലക്കാടൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സംഘടനയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ, ട്രഷറർ നവാസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു. യഹിയ കൊടുങ്ങല്ലൂർ നന്ദി പറഞ്ഞു. സജീർ പൂന്തുറ, ഹരീന്ദ്രൻ കയറ്റുവള്ളി, വഹീദ് വാഴക്കാട്, വിൻസൻറ്, വിനീഷ് ഒതായി, അൻസായി ഷൗക്കത്ത്, അബ്ദുല്ല കണ്ണൂർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.