യാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും ഇടിമിന്നലും കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നജ്‌റാൻ, അൽബാഹ, അസീർ, ജീസാൻ, മക്ക, മദീന, തബൂഖ്, അൽജൗഫ്, ഹാഇൽ, അൽഖസീം, വടക്കൻ അതിർത്തി മേഖല എന്നീ പ്രദേശങ്ങളിൽ ഇനിയുള്ള ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും. ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നു. നജ്‌റാൻ, അൽബാഹ, അസീർ, ജീസാൻ, മക്ക, മദീന എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് താഴ്വരകളും തോടുകളും നിറഞ്ഞുകവിഞ്ഞിരുന്നു. മദീന പ്രവിശ്യയിലെ ഹനാഖിയയിൽ താഴ്‌വരയിലെ വെള്ളക്കെട്ടിൽപെട്ട് നാലുപേരും നജ്റാനിലെ വെള്ളക്കെട്ടിൽ മൂന്ന് കുട്ടികളും ഒരു യുവാവും ഖുൻഫുദയിലെ വെള്ളക്കെട്ടിൽ മൂന്ന് സഹോദരന്മാരും മരിച്ച സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മലയോര പ്രദേശങ്ങളിലെ മലവെള്ളപാച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവുമുണ്ടായി വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ജീസാൻ മേഖലയിലെ ദർബ് ഡിസ്ട്രിക്റ്റിലെ ജനവാസകേന്ദ്രങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. ചില ഭാഗങ്ങളിൽ ശക്തമായ മഴ കാരണം റോഡുകളിലും വീടുകളിലും വെള്ളം കയറിയതോടെ ആളുകൾ ഒറ്റപ്പെട്ടതായും റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. വേണ്ട നടപടികളെടുക്കാൻ സിവിൽ ഡിഫൻസ് റെസ്ക്യൂ ടീം രംഗത്തിറങ്ങി. മദീന മേഖലയിലെ സദ്ദുൽ വാജിബ് അരുവിയിലെ ശക്തമായ ഒഴുക്കിൽപെട്ട രണ്ടു യുവാക്കളെ സിവിൽ ഡിഫൻസ് അത്ഭുതകരമായ വിധത്തിൽ രക്ഷപ്പെടുത്തിയിരുന്നു.
ഒഴുക്കുള്ള സമയത്ത് താഴ്വരകൾ മുറിച്ചുകടക്കുന്നതും വാഹനങ്ങൾ ഓടിക്കുന്നതും നിയമ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് ആവർത്തിക്കുന്നു. ഇത് അവഗണിച്ച് നിയമലംഘനത്തിനും സാഹസികതക്കും മുതിരുന്നവർക്ക് 10,000 റിയാൽ വരെ പിഴ ചുമത്തും.
എന്നാൽ രാജ്യത്ത് മറ്റ് ഭാഗങ്ങളിലെല്ലാം മഴയും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാവുമ്പോഴും കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, അൽഖോബാർ, ജുബൈൽ, ഖത്വീഫ്, ഖഫ്ജി പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ ഭാഗങ്ങളിൽ മഴയുടെ ലാഞ്ചന പോലുമില്ല. പുലർച്ചെ പോലും കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഉഷ്ണക്കാലാവസ്ഥയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ പുറംജോലി ചെയ്യുന്നവർ ജാഗ്രതപുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
53 ഡിഗ്രി സെൽഷ്യസ് വരെ താപനില കിഴക്കൻ പ്രവിശ്യയിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ഉഷ്ണകാല രോഗങ്ങളിൽ നിന്ന് സുരക്ഷയൊരുക്കാനും ആരോഗ്യ മുൻകരുതലുകളിൽ ശ്രദ്ധചെലുത്താനും നിർദേശം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.