മക്കയിലെ മഴ; റോഡുകളിലെ അവശിഷ്​ടങ്ങൾ നീക്കം ചെയ്യാൻ അടിയന്തര പദ്ധതി

മക്ക: ഇന്നലത്തെ കനത്ത മഴയെ തുടർന്ന്​ മക്കയിലെ റോഡുകളിലുണ്ടായ വെള്ളവും അവശിഷ്​ടങ്ങളും നീക്കം ചെയ്യാൻ മക്ക മുനിസിപ്പാലിറ്റിക്ക്​ കീഴിൽ ഊർജിത പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ റോഡുകളിൽ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുകയും തൊഴിലാളികളെയും ഫീൽഡ്​ ഉദ്യോഗസ്ഥരെയും വിന്യസിച്ചാണ്​ അവശിഷ്​ടങ്ങൾ വേഗം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങൾ ആരംഭിച്ചിരിക്കുന്നത്​.

മഴയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ വന്നതോടെ അതത്​ ബലദിയ ബ്രാഞ്ച്​ ഓഫീസുകൾ നാശനഷ്​ടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും വേണ്ട മുൻകരുതൽ എടുത്തിരുന്നു. ഫീൽഡിൽ വേണ്ട ഉപകരണങ്ങളും തൊഴിലാളികളെയും ഒരുക്കി നിർത്തുകയും ചെയ്​തിരുന്നു. മഴയെ തുടർന്ന്​ റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിന്​ അടിയന്തിര പദ്ധതിയാണ് മുനിസിപ്പാലിറ്റി ഇപ്പോൾ നടപ്പിലാക്കുന്നത്​.

വിവിധ റോഡുകളിൽ അടിഞ്ഞുകൂടിയ വെള്ളം വലിച്ചെടുക്കുന്നതിനും റോഡുകൾ വ്യത്തിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​. പദ്ധതി നടപ്പിലാക്കാൻ ജീവനക്കാർ, സൂപ്പർവൈസർമാർ, നിരീക്ഷകർ, എഞ്ചിനീയർമാർ, ഫീൽഡ് വർക്കർമാർ എന്നിവരുൾപ്പെടെ 10,552 പേരും വിവിധ വലിപ്പത്തിലുള്ള 2,556 യന്ത്ര സാമഗ്രികളും വാഹനങ്ങളും മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്​. കനത്ത മഴക്കാണ്​ മക്ക നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്​. നിരവധി വാഹനങ്ങൾക്ക്​ കേടുപാടുകൾ സംഭവിക്കുകയും മരങ്ങളും പരസ്യ​ ബോർഡുകളും വീഴുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.