മസ്കത്ത്: രാജ്യെത്ത അസ്ഥിര കാലാവസ്ഥ ആരംഭിച്ചത് മുതൽ ബുധനാഴ്ചവരെ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിക്ക് (സി.ഡി.എ.എ) ലഭിച്ചത് 386 കാളുകൾ. വാദിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് 34 കാളുകളാണ് ലഭിച്ചത്. ഇതിൽ 40 പേരെ രക്ഷപ്പെടുത്തിയെന്നും സി.ഡി.എ പ്രസ്താവനയിൽ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ 74 കേസുകളോടും ആംബുലൻസ് ടീമുകൾ 254 റിപ്പോർട്ടുകളോടും പ്രതികരിച്ചു. ഇതിനുപുറമെ വാദികളിലും ബീച്ചുകളിലും കുളങ്ങളിലും മുങ്ങിമരിച്ച കേസുകളും കൈകാര്യ ചെയ്തു.
ഇത്തരം കാലാവസ്ഥാ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ താഴ്‌ന്ന പ്രദേശങ്ങളിൽനിന്നും വൈദ്യുത തൂണുകളിൽനിന്നും മാറി നിൽക്കുക, വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കാതിരിക്കുക തുടങ്ങി ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും എല്ലാവരും പാലിക്കേണ്ടതാണെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
കുട്ടികൾ വീടിന് പുറത്തിറങ്ങുമ്പോൾ നിരീക്ഷിക്കണമെന്നും കുളങ്ങളിലോ കടലിലോ മേൽനോട്ടമില്ലാതെ നീന്തരുതെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്തെ നിറഞ്ഞെഴുകുന്ന വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്ക് തടവും പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. നിങ്ങളുടെയോ മറ്റ് ആളുകളുടെയോ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ബോധപൂർവം വാദികൾ മുറിച്ചുകടക്കുന്നത് മൂന്ന് മാസം വരെ തടവും 500 റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസവും മഴ ലഭിച്ചു. ഹംറ, വാദി അല്‍ ജഹ്റ, റുസ്താഖ്, ഇബ്രി, ഇബ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ പെയ്തത്. റോഡിൽ വെള്ളം കയറുകയും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ദാഹിറ, ബുൈറമി, ബാത്തിന ഗവർണറേറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും മഴക്കും സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.