ജിദ്ദ: റമദാൻ ആദ്യത്തെ പത്തിൽ മക്ക ഹറമിൽ ഏകദേശം 20 ലക്ഷം ഉംറ തീർഥാടകരെത്തിയതായി ഹറം ക്രൗഡ് മാനേജ്മെൻറ് വകുപ്പ് മേധാവി എൻജി. ഉസാമ അൽഹുജൈലി പറഞ്ഞു. മുൻകരുതൽ നടപടികൾ അനുസരിച്ചാണ് ഇത്രയും തീർഥാടകരെത്തിയത്. തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും വേണ്ട എല്ലാ സേവനങ്ങളും ഹറമിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർ അവർക്ക് അനുവദിച്ച സമയം പാലിക്കണമെന്നും ക്രൗഡ് മാനേജ്മെൻറ് വകുപ്പ് മേധാവി പറഞ്ഞു.
'ആദ്യ പത്തിലെ പ്രവർത്തന പദ്ധതി വിജയകരം'
ജിദ്ദ: റമദാൻ ആദ്യ പത്തിലെ ഇരുഹറം കാര്യാലയ പ്രവർത്തന പദ്ധതികൾ വിജയകരമാണെന്ന് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഭരണകൂടത്തിന്‍റെ പരിധിയില്ലാത്ത പിന്തുണയിൽ എല്ലാ മേഖലകളിലും മികച്ച സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാനുഷികവും സാങ്കേതികവുമായ സംവിധാനങ്ങൾ സേവനങ്ങളുടെ തലത്തിൽ ഗുണപരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചു. സേവനരംഗത്ത് ഉയർന്ന സംതൃപ്തി നിരക്ക് കൈവരിക്കുന്നതിൽ ഇത് കാര്യമായ സ്വാധീനം ചെലുത്തിയെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
ഇരുഹറമുകളിൽ സ്കൗട്ടുകളുടെ സേവനം
ജിദ്ദ: റമദാനിൽ ഇരുഹറമുകളിലെത്തുന്നവർക്ക് സേവനത്തിന് 991 സ്കൗട്ടുകൾ. മക്ക, മദീന മേഖലയിലെ വിദ്യാഭ്യാസ കാര്യാലയത്തിനു കീഴിലുള്ള പുരുഷ, വനിത സ്കൗട്ടുകളാണ് സേവന സജ്ജരായിരിക്കുന്നത്. ഇതിൽ 761 പേർ മക്ക വിദ്യാഭ്യാസ കാര്യാലയത്തിൽനിന്നുള്ളവരും 230 പേർ മദീന വിദ്യാഭ്യാസ കാര്യാലയത്തിനു കീഴിലുള്ളവരുമാണ്. ഹറമുകൾക്കുള്ളിൽ തീർഥാടകരുടെ സഞ്ചാരവും സുഗമവും വ്യവസ്ഥാപിതവുമാക്കുക, പ്രായം കൂടിയവർക്ക് ഉന്തുവണ്ടി സേവനം നൽകുക, സംസം വിതരണം നടത്തുക, മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയ സേവനങ്ങളിൽ സ്കൗട്ടുകൾ സജീവമാണ്.
ഖുതുബ 10 ഭാഷകളിൽ മൊഴിമാറ്റം ആരംഭിച്ചു
മദീന: മസ്ജിദുന്നബവിയിലെ ജുമുഅ ഖുതുബ 10 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന സേവനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മസ്ജിദുന്നബവി കാര്യാലയ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് ബിൻ അലി അൽഖുദൈഫി ഉദ്ഘാടനം ചെയ്തു. റമദാെൻറ ആദ്യ ജുമുഅ വേളയിലാണ് ഈ സേവനം ആരംഭിച്ചത്. സന്ദർശകർക്കിടയിലെ ഏറ്റവും സാധാരണമായ ഭാഷയായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ്, ഉർദു, ഫ്രഞ്ച്, ബംഗാളി, മലായി, ടർക്കിഷ്, ഹോസാ, ചൈനീസ്, റഷ്യൻ, ഫാരിസി എന്നീ ഭാഷകളിലാണ് ഖുതുബ വിവർത്തന സേവനം ഒരുക്കിയിരിക്കുന്നത്. മസ്ജിദുന്നബവിയിലെത്തുന്ന അറബി സംസാരിക്കാത്തവർക്ക് അവരുടെ ഭാഷകളിൽ ഖുതുബയുടെ പ്രയോജനം ലഭിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു സേവനം ഒരുക്കിയിരിക്കുന്നതെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.