യാംബു: സമകാലിക ഇന്ത്യയിൽ ഫാഷിസവും തീവ്രവാദവും രാജ്യത്തിന്റെ മതേതര സങ്കൽപങ്ങളെ തകർക്കുമ്പോൾ മതേതര കാഴ്ചപ്പാടുകൾ വെച്ചുപുലർത്തി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.വി. ഇബ്രാഹീം പറഞ്ഞു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാറിന്റെ തലതിരിഞ്ഞ പ്രവണത ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ലിംഗസമത്വത്തിന്റെ പേരിൽ കാമ്പസുകളിലേക്ക് ലൈംഗിക അരാജകത്വം കടന്നുകയറുന്നതിനെ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണം. പുരോഗമനമെന്ന പേരിൽ യുവജനങ്ങളെ മതനിരാസത്തിലേക്ക് ക്ഷണിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾ സമൂഹത്തിന് ഭീഷണിയാണെന്നും ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ പാർട്ടി അഭിമാനപൂർവമാണ് വീക്ഷിക്കുന്നതെന്നും സമൂഹത്തിന് കെ.എം.സി.സിയുടെ സേവന പ്രവർത്തനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാംബു സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടി മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു. ഡോ. യു. സൈതലവി, അബ്ദുൽ ജലീൽ ഒഴുകൂർ, അനൂബ് കാവിൽ, മാമുക്കോയ ഒറ്റപ്പാലം എന്നിവർ ആശംസകൾ നേർന്നു.
അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു. ഒ.പി. അഷ്റഫ് മൗലവി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.