യാംബു: സൗദി വ്യവസായമേഖല ഈ വർഷം വൻ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. വ്യവസായരംഗത്ത് രാജ്യം വലിയ കുതിപ്പാണ് നടത്തിയതെന്ന് നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ച വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദർ അൽ-ഖുറൈഫ് പറഞ്ഞു. ഈ വർഷം വ്യവസായ മേഖലയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 55,000 തൊഴിലവസരം പുതുതായി സൃഷ്ടിക്കാനായി. ഈ രംഗത്തെ തൊഴിൽ സ്വദേശിവത്കരണം 38 ശതമാനത്തിലധികമായി ഉയർത്തി. 667 പുതിയ വ്യവസായശാലകൾക്ക് തുടക്കംകുറിക്കാനും ലൈസൻസ് നടപടി പൂർത്തിയാക്കാനും കഴിഞ്ഞു. കഴിഞ്ഞവർഷം 960 ഫാക്ടറികൾ പ്രവർത്തനസജ്ജമായതായി മന്ത്രി വ്യക്തമാക്കി.
കയറ്റുമതിക്കും ഇറക്കുമതിക്കുമായി ബാങ്ക് വഴി 1.2 ശതകോടി റിയാൽ വായ്പയും അനുവദിച്ചു. ചെറുകിട, ഇടത്തരം കമ്പനികൾക്ക് ധനസഹായം നൽകുന്നതിൽ കഴിഞ്ഞവർഷം കൂടുതൽ ശ്രദ്ധയൂന്നാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മൊത്തം ധനസഹായത്തിെൻറ 51 ശതമാനം ഈ ഇനത്തിലാണ് ചെലവഴിച്ചത്. ഈ വർഷം ആദ്യപകുതിയിൽ തന്നെ എണ്ണയിതര കയറ്റുമതി മേഖല വൻ റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. 50 രാജ്യങ്ങളിലേക്ക് രാജ്യത്തെ എണ്ണയിതര വിഭവങ്ങൾ കയറ്റുമതി ചെയ്യാനായി. കയറ്റുമതിയുടെ മൂല്യം 125 ശതകോടി റിയാലായി ഉയർന്നതായും മന്ത്രി വിശദീകരിച്ചു. വ്യവസായമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ നാല് ശതകോടി റിയാൽ ചെലവഴിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പുതിയ ഉൽപാദനകേന്ദ്രങ്ങൾ ആരംഭിക്കാനും സ്വദേശി യുവാക്കളെ വ്യവസായമേഖലയിൽ സജീവമാക്കാനും ആവശ്യമായ പിന്തുണയും സഹായവുമാണ് ഭരണകൂടം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഖനനം രാജ്യത്തെ ഏറ്റവും പ്രതീക്ഷ നൽകുന്ന മേഖലയായി മാറിയത് ഈ വർഷമാണെന്നും ഖനന നിക്ഷേപ സംവിധാനം നിലവിൽവന്നതോടെ ധാതുക്കൾക്കായുള്ള 133 പര്യവേക്ഷണ അനുമതികൾ ഉൾപ്പെടെ 506 പുതിയ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.