യാംബു: സൗദി അറേബ്യയിൽ കഴിഞ്ഞ ജനുവരിയിൽ ലഭിച്ചത് റെക്കോഡ് മഴയെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം. ജനുവരിയിൽ രാജ്യത്തെ ഏറക്കുറെ എല്ലാ പ്രദേശങ്ങളിലും പെയ്തത് ശരാശരി 23.58 മില്ലിമീറ്റർ മഴയാണ്. ഇത് റെക്കോഡാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മഴ.
മന്ത്രാലയത്തിെൻറ ‘ഹൈഡ്രോളജിക്കൽ മോണിറ്ററിങ് സ്റ്റേഷനു’കളുടെ രേഖകൾ പ്രകാരം 2022 ജനുവരിയിൽ രേഖപ്പെടുത്തിയ 15.41 മില്ലിമീറ്റർ മഴയുടെ ശരാശരിയേക്കാൾ കൂടുതലാണ് ഈ വർഷം ജനുവരിയിൽ ലഭിച്ചത്.
രാജ്യത്താകെ പെയ്ത മഴയുടെയും വിവിധ ഭാഗങ്ങളിലുള്ള അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെയും തോത് നിരീക്ഷിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. മന്ത്രാലയവും ദേശീയ കാലാവസ്ഥ കേന്ദ്രവും (എൻ.സി.എം) 1980 ജനുവരിയിൽ പെയ്ത മഴയുടെ തോതുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
ഇക്കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ജിദ്ദയിലാണ്. ആദ്യ ദിവസം അവിടെ പെയ്തത് 84.6 മില്ലിമീറ്റർ മഴയാണ്. ഡാമുകളിലെത്തിയ തോടുകളിൽ നിന്നുള്ള ജലത്തിന്റെ ആകെ അളവ് ഏകദേശം 182.7 ദശലക്ഷം ക്യുബിക് മീറ്ററാണെന്നും അവയിൽനിന്ന് തുറന്നുവിട്ട മൊത്തം ജലത്തിന്റെ അളവ് 108.9 ദശലക്ഷം ഘനമീറ്ററാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മക്ക മേഖലയിലെ അണക്കെട്ടുകളിൽ നിറഞ്ഞ ആകെ വെള്ളത്തിന്റെ അളവ് 70.9 ദശലക്ഷം ക്യുബിക് മീറ്റർ കവിഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവുമധികം ജലം സംഭരിക്കുന്ന അണക്കെട്ടുകൾ മക്ക മേഖലയിലായെന്ന് മന്ത്രാലയം വ്യക്തമാക്കി. മക്ക മേഖലയിലെ റാബിഗ് അണക്കെട്ട് ഏകദേശം 48.7 ദശലക്ഷം ക്യുബിക് മീറ്ററുള്ള ഏറ്റവും ഉയർന്ന തോതിലുള്ള ജലപ്രവാഹത്തിന് സാക്ഷ്യം വഹിച്ചു.
സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ താഴ്വരകളിലൊന്നായ വാദി തുർബയിൽ സ്ഥിതി ചെയ്യുന്ന തുർബ അണക്കെട്ടിൽ ഏറ്റവും ഉയർന്ന തോതിലെ അളവായ 15.2 ക്യുബിക് മീറ്റർ ജലമാണ് ജനുവരിയിൽ രേഖപ്പെടുത്തിയത്.
പതിവിനു വിപരീതമായി മക്കയുൾപ്പെടെ നഗരപ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും നല്ല മഴയാണ് ഇത്തവണ ലഭിച്ചത്. നല്ല മഴയുടെ സാന്നിധ്യം മരുഭൂമിയിൽ സൃഷ്ടിച്ച ഹരിതാഭമായ കാഴ്ചകൾ ഏവർക്കും ഹൃദ്യമായ അനുഭവം സമ്മാനിച്ചതും ഈ വർഷത്തെ പ്രത്യേകതയാണ്.
ഊഷരമായി കിടന്ന മലനിരകളും മരുഭൂമിയും പച്ചപ്പുതപ്പണിഞ്ഞു നിൽക്കുന്ന ചാരുതയാർന്ന കാഴ്ചകളാണ് ദൃശ്യമായത്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് വിവിധ റോഡുകളിലൂടെ മക്കയിലേക്ക് സഞ്ചരിക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം റോഡുകൾക്കിരുവശവും പരന്നുകിടക്കുന്ന മരുഭൂമിയും ഉയർന്നുനിൽക്കുന്ന ഗിരിനിരകളും സസ്യജാലങ്ങൾ വളർന്ന് ഹരിതാഭമായ നയനമനോഹര കാഴ്ചകൾ ദൃശ്യമായതും കനത്ത മഴ ഉണ്ടാക്കിയ വേറിട്ട സവിശേഷതയായി വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.