ജിദ്ദ: സൗദി അറേബ്യയിലേക്ക് വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഗണ്യമായി വർധിച്ചു. റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറുകളുടെ എണ്ണം 2021 ഒടുവിൽ 2,10,000 ആയി ഉയർന്നു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഓൺലൈനിൽ ഒരുക്കിയ 'മുസാനിദ്' പ്ലാറ്റ്ഫോമിലാണ് ഗാർഹിക തൊഴിലാളി കരാറുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. ഒക്ടോബറിനും ഡിസംബറിനുമിടയിൽ മുൻവർഷത്തെ ഈ കാലയളവിൽ കരാറുകളുടെ എണ്ണത്തിൽ15 ശതമാനം വർധനവുണ്ട്. പ്ലാറ്റ്ഫോം വഴി റിക്രൂട്ട്മെൻറിനുള്ള രാജ്യങ്ങളുടെ എണ്ണം 14 ലധികമായി വർധിപ്പിച്ചതും കരാറുകളുടെ എണ്ണം കൂടാൻ കാരണമായതായി വിലയിരുത്തുന്നു.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനദ് പ്ലാറ്റ്ഫോമിൽ ഈവർഷം റിക്രൂട്ട്മെൻറിനായി നിരവധി പുതിയ രാജ്യങ്ങളെ ചേർക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പുതിയ രാജ്യങ്ങൾ സൗദി കുടുംബങ്ങൾക്ക് അനുയോജ്യമായ ഗുണനിലവാരമുള്ളതാകണമെന്ന കാര്യത്തിൽ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തുന്നുണ്ട്. പകർച്ചവ്യാധികൾ, കുറ്റകൃത്യനിരക്ക്, ഭാഷ, വിദ്യാഭ്യാസം, പ്രതീക്ഷിക്കുന്ന റിക്രൂട്ട്മെൻറ് ചെലവ്, ശമ്പളം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പഠനങ്ങളെയും മാനദണ്ഡങ്ങളെയും ആശ്രയിച്ചാണ് രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്. അടുത്തിടെ ഗാർഹിക തൊഴിലാളികൾക്കുള്ള റിക്രൂട്ട്മെൻറ് കരാറുകളിൽ വർധന രേഖപ്പെടുത്തിയതായി മുസാനിദ് പ്ലാറ്റ്ഫോം സൂചിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ 65,000 ഉം നവംബറിൽ 69,000 ഉം ഡിസംബറിൽ 76,000 ഉം കരാറുകളുടെ രജിസ്ട്രേഷൻ രേഖപ്പെടുത്തി. ഡിസംബറിൽ ഏറ്റവും കൂടുതൽ കരാറുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ 12,000ത്തിലധികം കരാറുകളുമായി ബംഗ്ലാദേശ് ഒന്നാമതെത്തി. 11,000 ലധികം കരാറുകളുമായി പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. ഏകദേശം 11,000 കരാറുകളുമായി മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഒക്ടോബർ, നവംബർ മാസങ്ങളെ അപേക്ഷിച്ച് കരാറുകൾ നൽകുന്നതിൽ ഡിസംബറിൽ ഉയർന്ന വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഫിലിപ്പീൻസ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിക്കാനും എളുപ്പമാക്കാനുമാണ് മുസാനിദ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. വ്യക്തികളും റിക്രൂട്ട്മെൻറ് ഓഫിസുകളും തമ്മിലുള്ള കരാർ പ്രക്രിയയിലൂടെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണ്. റിക്രൂട്ട്മെൻറ് ഓഫിസുകളും ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്ന രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക, റിക്രൂട്ടിങ് മേഖല നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും മുസാനിദിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.