ചെങ്കടൽ പദ്ധതിയിലെ ‘ഷൂരി’ ദ്വീപ് പാലം

ചെങ്കടൽ ദ്വീപ് വികസനപദ്ധതികൾ ഊർജിതം

ജിദ്ദ: ലോക ടൂറിസം പദ്ധതികളിൽ ആഗോളതലത്തിൽ ഇതിനകം ശ്രദ്ധേയമായ സൗദിയുടെ 'റെഡ് സീ' പദ്ധതി നിർമാണപ്രവർത്തനം ഊർജിതമായി മുന്നേറുന്നുവെന്ന് റെഡ് സീ കമ്പനി വെളിപ്പെടുത്തി. പ്രധാന ദ്വീപിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളിലൊന്നായ 'ഷൂരി' ദ്വീപ് പാലം നിർമാണം ഉൾപ്പെടെയുള്ള വികസനപദ്ധതികൾ പുരോഗമിക്കുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു. 3.3 കിലോമീറ്റർ നീളമുള്ള ഈ കടൽപാലത്തിന്‍റെ നിർമാണഘട്ടങ്ങളുടെ വിഡിയോ റെഡ് സീ കമ്പനി പുറത്തുവിട്ടു. ലോകത്തു തന്നെ ഏറ്റവും മനോഹരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ചെങ്കടൽ ദ്വീപുകളിലെ റിസോർട്ടുകളും ഹോട്ടലുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വാസ്തുശിൽപ മികവിലാണ് പണിപൂർത്തിയാക്കി വരുന്നത്.

ചെങ്കടൽ തീരത്തെ ഉംലജ്, അൽവജഹ് നഗരങ്ങൾക്കിടയിലെ അമ്പതിലേറെ ദ്വീപുകളാണ് ലോകത്തെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കുന്നത്. എണ്ണയെ മാത്രം ആശ്രയിച്ച് കഴിയാതെ ടൂറിസം മേഖലയിൽ കൂടിയുള്ള വരുമാനം ലക്ഷ്യംവെച്ച് നടത്തുന്ന വിവിധ പദ്ധതികളിൽ സുപ്രധാനമായതാണ് ചെങ്കടൽ പദ്ധതി. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ൽ ഉൾപ്പെടുത്തിയ ചെങ്കടൽ പദ്ധതി സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് നേരത്തേ പ്രഖ്യാപിച്ചത്. റെഡ് സീ പദ്ധതിയുടെ ആദ്യഘട്ടം 2022 ൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.

ആഗോള തലത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഈ വർഷം അവസാനത്തോടെ ചെങ്കടൽ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളവും ആദ്യത്തെ നാല് ഹോട്ടലുകളും തുറക്കും. അതോടെ വിനോദ സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Red Sea Island development projects intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.