ജിദ്ദ: കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റസ്റ്റാറന്റ്, കഫേ എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അറിയിച്ചു.
ഇത്തരം സ്ഥാപനങ്ങൾക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിരോധനമില്ല. എന്നാൽ, ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റാറന്റുകളിൽ ഭക്ഷണവിതരണം പാഴ്സൽ മാത്രമായിരിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ, ഒരേ ടേബിളിൽ 10ൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്.
ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പുസ്ഥലങ്ങളിലും പാഴ്സൽ വിതരണസ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടാവണം. ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണം.
റസ്റ്റാറന്റുകൾക്കും കഫേകൾക്കും അകത്തുള്ള എല്ലായിടത്തും കാണാൻ സാധിക്കുന്ന സി.സി.ടി.വി കാമറകൾ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
ശരീരോഷ്മാവ് പരിശോധിക്കാനുള്ള ഉപകരണവും സാനിറ്ററുകളും പ്രവേശനകവാടങ്ങളിൽ ഉണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് തക്കതായ പിഴകൾ ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.