റിയാദ്: റിയാദ് മേഖലയിലെ വർധിച്ചുവരുന്ന തീപിടിത്തങ്ങളും അവയുടെ കാരണങ്ങളും അന്വേഷിക്കാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകി. മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. അഴിമതി വിരുദ്ധ കമീഷെൻറ സഹകരണത്തോടെ റിയാദ് ഗവർണറേറ്റ് തീപിടിത്തം സംബന്ധിച്ച ഫയലുകൾ പരിശോധിച്ചിരുന്നു. അന്വേഷണ നടപടികൾക്കുശേഷം സാമ്പത്തികവും ഭരണപരവുമായ അഴിമതിയെക്കുറിച്ച് സംശയമുയർന്നു. ബന്ധപ്പെട്ട വകുപ്പുകൾ സ്ഥാപന നടത്തിപ്പിന് നിശ്ചയിച്ച നിബന്ധനകൾ സ്ഥാപന ഉടമകൾ പാലിക്കുന്നില്ലെന്നും കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് കിരീടാവകാശിക്ക് സമർപ്പിച്ചു. ഇതനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കസ്റ്റഡിലെടുക്കാനും സമിതി രൂപവത്കരിക്കാനും കിരീടാവകാശി നിർദേശം നൽകിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുൾപ്പെട്ടതാണ് സമിതി. അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുക, സിവിൽ ഡിഫൻസും ഇൻഡസ്ട്രിയൽ സെക്യൂരിറ്റി സുപ്രീം അതോറിറ്റിയും മുനിസിപ്പാലിറ്റിയും ജനവാസമുള്ള സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള സുരക്ഷാ ആവശ്യകതകൾ പുനഃപരിശോധിക്കുക, ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, വാണിജ്യ സ്ഥാപനങ്ങൾക്ക് അപകട ഇൻഷുറൻസ് നിർബന്ധമാക്കുക, വാണിജ്യപ്രവർത്തനങ്ങൾക്കാവശ്യമായ വ്യവസ്ഥകൾ വീണ്ടും ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കുക, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെയും ബിസിനസ് ഉടമകളെയും പിടികൂടൂക എന്നിവ നിർദേശത്തിലുണ്ടെന്നും റിയാദ് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.