വേൾഡ്​ എക്​സ്​പോ പ്രതിനിധി സംഘവും റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒയും റിയാദിൽ വാർത്താസമ്മേളനത്തിൽ

വേൾഡ് എക്‌സ്‌പോ-2030 ആതിഥേയത്വം വഹിക്കാൻ സന്നദ്ധമെന്ന്​ റിയാദ് റോയൽ കമീഷൻ

റിയാദ്: ‘വേൾഡ് എക്‌സ്‌പോ-2030’-ന് ആതിഥേയത്വം വഹിക്കാൻ തലസ്ഥാന നഗരം സന്നദ്ധമെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് അൽറഷീദ് വ്യക്തമാക്കി. എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാൻ റിയാദിനുള്ള ശേഷി അവലോകനം ചെയ്യാനെത്തിയ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസ് (ബി.ഐ.ഇ) പ്രതിനിധി സംഘത്തിലെ പ്രമുഖരോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽ-റഷീദ് ഇക്കാര്യം വ്യക്തമാക്കിയത്.

വേൾഡ് എക്‌സ്‌പോ 2030-ന് അരങ്ങൊരുക്കാനുള്ള റിയാദി​െൻറ ശേഷി ശക്തമാണ്. എക്‌സ്‌പോയുടെ അസാധാരണമായ ഒരനുനുഭവം ലോകത്തിന് നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമായതിനാൽ സാങ്കേതിക ആവശ്യകതകളെല്ലാം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. നാല് കോടിയിലധികം പേർ എക്‌സ്‌പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫഹദ് അൽറഷീദ് പറഞ്ഞു. അതിൽ പകുതിയും സൗദി അറേബ്യക്ക് പുറത്ത് നിന്നായിരിക്കും. എക്സ്പോ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘മെറ്റാവേഴ്‌സ്’ സാങ്കേതികവിദ്യയിലൂടെ ലോകത്തെ നൂറ് കോടി പേർക്ക്​ എക്‌സ്‌പോ സന്ദർശിക്കാനാവും.

പരിശോധനക്കെത്തിയ അന്താരാഷ്​ട്ര പ്രതിനിധി സംഘത്തിന്​ സൗദി അറേബ്യയുടെ കലാപരവും സാംസ്‌കാരികവുമായ വൈവിധ്യം നേരിട്ട്​ ബോധ്യപ്പെട്ടതായി സി.ഇ.ഒ പറഞ്ഞു. നഗരത്തി​െൻറ വികസന കുതിപ്പും സാമ്പത്തിക സാധ്യതകളും മുൻനിർത്തി പ്രദർശനം സംഘടിപ്പിക്കാനുള്ള റിയാദ്​ നഗരത്തിനുള്ള ശേഷിയെയും സന്നദ്ധ​തയെയും സംഘം പ്രശംസിച്ചിട്ടുണ്ട്. ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമം നടത്തുന്ന കിരീടാവകാശിയുമായി നടത്തിയ ചർച്ചയിലൂടെ രാജ്യത്തി​െൻറ മികവ് പ്രതിനിധി സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് സന്ദർശനം മികച്ച അനുഭവമാണെന്ന് ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസ് (ബി.ഐ.ഇ) ചെയർപേഴ്‌സൺ പാട്രിക് സ്‌പെക്റ്റ് പറഞ്ഞു. റിയാദി​െൻറ അടിസ്ഥാന സൗകര്യ സാധ്യതകൾ തങ്ങൾ പരിശോധിച്ചതായി ബി.ഐ.ഇ സെക്രട്ടറി ജനറൽ ദിമിത്രി കെർക്കൻറസെസ് സ്ഥിരീകരിച്ചു. എക്‌സ്‌പോ സൗദി അറേബ്യയ്ക്ക് അനുയോജ്യമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് സൗദി അറേബ്യയിൽ എത്രത്തോളം സാധ്യതയുണ്ടെന്ന കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും അത് നീങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയെയും അതി​െൻറ പദ്ധതികളെയും കുറിച്ച് വിശേഷിച്ചും നിർദിഷ്​ട കിങ് സൽമാൻ വിമാനത്താവളം, റിയാദ് മെട്രോ എന്നിവയെക്കുറിച്ച് തനിക്ക് നല്ല മതിപ്പുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം എക്‌സ്‌പോ സംഘാടനത്തിൽ റിയാദി​െൻറ ഉറപ്പ് ലഭിച്ചതായും സൂചിപ്പിച്ചു. സന്ദർശന റിപ്പോർട്ട് മെയ് മാസത്തിൽ ബി.ഐ.ഇ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യുകയും ശിപാർശ ജനറൽ അസംബ്ലിക്ക് കൈമാറുകയും ചെയ്യും. ഇക്കൊല്ലം നവംബറിൽ നടക്കുന്ന 173-ാമത് ജനറൽ അസംബ്ലിയിൽ, വേൾഡ് എക്‌സ്‌പോ 2030-​െൻറ ആതിഥേയ രാജ്യം ഏതാണെന്ന് രഹസ്യ ബാലറ്റിലൂടെയാണ് തീരുമാനിക്കുകയെന്നും കെർക്കൻറസെസ് വ്യക്തമാക്കി. ഇതിനിടെ ‘എക്‌സ്‌പോ-2030’നായി രംഗത്തുള്ള മറ്റ് രാജ്യങ്ങളും സംഘം സന്ദർശിക്കും.


Tags:    
News Summary - Riyadh Royal Commission willing to host World Expo 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.