റിയാദ്: ഈ വർഷത്തെ റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായ ടെന്നിസ് സീസൺ കപ്പ് മത്സരങ്ങൾ ഡിസംബർ 26, 27 തീയതികളിൽ നടക്കും. ലോകമെമ്പാടുമുള്ള കായികപ്രേമികളെ ആകർഷിക്കുന്ന ഏറ്റവും വ്യാപകമായ അന്താരാഷ്ട്ര കായികയിനമായി ടെന്നിസ് മാറിയ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സീസൺ കപ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മത്സരങ്ങളിൽ നിരവധി ടെന്നിസ് ചാമ്പ്യന്മാർ പങ്കെടുക്കും. ഡിസംബർ 27ന് നടക്കുന്ന പുരുഷന്മാരുടെ മത്സരത്തിൽ ഏറ്റവും മികച്ച പുരുഷ ടെന്നിസ് കളിക്കാരൻ സെർബിയൻ താരം നൊവാക് ജോകോവിച് പങ്കെടുക്കും. 24 പ്രധാന ടൂർണമെന്റുകളിലെ വിജയിയാണ്. രണ്ടു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ സ്പാനിഷ് പ്രഫഷനൽ കാർലോസ് അൽകാരസുമായാണ് അദ്ദേഹം മത്സരിക്കുക.
ദ്യോകോവിച്ചും അൽകാരസും തമ്മിലുള്ള തലമുറ ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്ന പരിപാടികളിൽ ഒന്നാണ്. സമീപകാലത്തെ കളിയിലെ ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കപ്പെടുന്നവരാണിവർ. ലോകമെമ്പാടുമുള്ള ടെന്നിസ് ആരാധകർക്കും താൽപര്യക്കാർക്കും പുറമേ അവരുടെ സംഗമം കാത്തിരിക്കുന്ന ആരാധകർക്ക് ഇത് വലിയൊരു സംഭവമായിരിക്കുമെന്ന് റിയാദ് സീസൺ സംഘാടകർ പറഞ്ഞു.
ഡിസംബർ 26ന് നടക്കുന്ന വനിത മത്സരത്തിൽ ലോക ഒന്നാം നമ്പർ ബലറൂസിയൻ ടെന്നിസ് താരം അരിന സബലെങ്ക, തുനീഷ്യൻ താരം ഓൻസ് ജബീറ എന്നിവർ പങ്കെടുക്കും. അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്റെയും വനിത ടെന്നിസ് അസോസിയേഷന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച ആഫ്രിക്കൻ, അറബ് ടെന്നിസ് താരമാണ് ഓൻസ് ജാബിർ.
60 ദിവസത്തിനുള്ളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സജ്ജീകരിച്ച കിങ്ഡം അരീനയിലാണ് മത്സരങ്ങൾ നടക്കുക. 40,000ത്തിലധികം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളിൽ ഈ മാസം 28ന് റിയാദ് സീസണിന്റെ ഉദ്ഘാടന രാത്രിയിൽ അന്താരാഷ്ട്ര ബോക്സിങ് മത്സരം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.