യാംബു: രണ്ടര പതിറ്റാണ്ടത്തെ പ്രവാസം പൂർത്തിയാക്കി യാംബുവിലെ പ്രവാസികളുടെ പ്രിയങ്കരനായ സാബു വെള്ളാരപ്പിള്ളി മടക്കയാത്രക്ക് ഒരുങ്ങുന്നു. സാമൂഹിക കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് എറണാകുളം ജില്ലയിലെ ആലുവ വെള്ളാരപ്പിള്ളി സ്വദേശി പി.എം. സാബു മടങ്ങുന്നത്. യാംബുവിലെ പ്രമുഖ കെമിക്കൽ കമ്പനിയായ ട്രോണോക്സിൽ കെമിക്കൽ എൻജിനീയറായി ജോലി തുടങ്ങിയ സാബു പ്രൊഡക്ഷൻ മാനേജർ പദവിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് സ്വന്തം ഇഷ്ടപ്രകാരം വിരമിക്കുന്നത്. 2008 മുതൽ 2013വരെ തനിമ കലാസാംസ്കാരിക വേദി യാംബു സോണൽ പ്രസിഡൻറായിരുന്നു. തനിമ കേന്ദ്ര കൂടിയാലോചന സമിതിയംഗം, വിവിധ വകുപ്പുകളുടെ കൺവീനർ, പ്രവാസി സാംസ്കാരിക വേദി നാഷനൽ കമ്മിറ്റിയംഗം, യാംബു മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു. 2013ൽ രൂപവത്കരിച്ച യാംബു മലയാളി അസോസിയേഷെൻറ സ്ഥാപകാംഗങ്ങളിൽ ഒരാളും സംഘടനയുടെ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. ഇന്ത്യൻ എൻജിനീയേഴ്സ് ഫോറം യാംബു ചാപ്റ്റർ, യാംബു വിചാരവേദി എന്നിവയുടെ ഭാരവാഹിയുമായിട്ടുണ്ട്.
ജുബൈലിലാണ് പ്രവാസത്തിന് തുടക്കം. മൂന്നുവർഷത്തിനു ശേഷം യാംബുവിലെത്തി. 22 വർഷത്തെ യാംബു പ്രവാസത്തിനിടയിൽ വിശാലമായ സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മനസ്സ് നിറഞ്ഞാണ് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരപ്രിയനായ സാബു യാംബു ഫ്ലൈ ബേഡ്സ്, ഡെസേർട്ട് റണ്ണേഴ്സ് എന്നീ ട്രാവൽ ഗ്രൂപ്പുകളോടൊപ്പം സൗദിയുടെ പ്രധാനപ്പെട്ട ചരിത്ര പ്രദേശങ്ങൾ ചുറ്റിക്കറങ്ങിയിട്ടുണ്ട്. അമേരിക്ക, യു.എ.ഇ, ഈജിപ്ത്, ജോർഡൻ, മാലദ്വീപ്, ജോർജിയ, നേപ്പാൾ, അസർ ബൈജാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എവറസ്റ്റിെൻറ സൗന്ദര്യം ആസ്വദിക്കാൻ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന 15 പേരടങ്ങുന്ന മലയാളി സംഘത്തോടൊപ്പം എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ് പൂർത്തിയാക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. '
എവറസ്റ്റിെൻറ സൗന്ദര്യം തൊട്ടറിഞ്ഞ നിർവൃതിയിൽ മലയാളി എൻജിനീയർ' എന്ന പേരിൽ 'ഗൾഫ് മാധ്യമം' ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. കലാ സാംസ്കാരിക രംഗത്തും സംഭാവനകൾ അർപ്പിക്കാൻ രംഗത്തുണ്ടായിരുന്നു. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയറായി വിരമിച്ച വെള്ളാരപ്പിള്ളി സ്വദേശി മക്കാർ പിള്ളയുടെയും ആമിനാബീവിയുടെയും മകനാണ്. ഭാര്യ: ഡോ. കെ.എ. ഹസീന. മക്കൾ: അഹമ്മദ് സജ്ജാദ്, ഹന, നോഫ, അഹ്മദ് മിഷാൽ. ഡിസംബർ 16ന് നാട്ടിലേക്ക് തിരിക്കുന്ന സാബു വെള്ളാരപ്പിള്ളിയെ സുഹൃത്തുക്കൾക്ക് 0542242546 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.