ദമ്മാം: സമാനതകളില്ലാത്ത ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ പ്രവാസി ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച സഫിയ അജിത്തിന്റെ വേർപാടിന് ഏഴാണ്ട്. ദമ്മാമിലെ സാമൂഹിക– സാംസ്കാരിക– ജീവകാരുണ്യ പ്രവർത്തനമേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ അതിവേഗം ശ്രദ്ധിക്കപ്പെട്ട അവർ അപ്രതീക്ഷിതമായാണ് ഒരു രോഗത്തിന്റെ ഹേതുവിൽ ഈ ലോകത്തുനിന്ന് പടിയിറങ്ങിപ്പോയത്. സൗദിയിലെ സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് പഴിപറഞ്ഞവർക്കിടയിൽ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ സാമൂഹിക പ്രവർത്തകയായിരുന്നു അവർ. നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ.ആർ. അജിത്തിന്റെ ഭാര്യയായി ദമ്മാമിൽ എത്തിയതിന് ശേഷമാണ് സഫിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് എത്തുന്നത്. 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്ത കോഴിക്കോട് സ്വദേശി സുഹ്റയെന്ന വീട്ടുവേലക്കാരിയുടെ ദുരിതത്തിന് അറുതിയുണ്ടാക്കിയാണ് സഫിയ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. സുഹ്റയുടെ തൊഴിലുടമയിൽനിന്ന് അവർക്ക് നീതി വാങ്ങിക്കൊടുക്കാൻ സഫിയക്കായി. തുടർന്ന് നൂറുകണക്കിന് വീട്ടുവേലക്കാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സഫിയ കോടതികളും അഭയകേന്ദ്രങ്ങളും കയറിയിറങ്ങി. സൗദിയിലെ വിവിധ ആശുപത്രികളിൽ സ്റ്റാഫ് നഴ്സായിരുന്നു സഫിയ. ആതുരശുശ്രൂഷക്ക് ഒപ്പം അറബിയുൾപ്പെടെയുള്ള വിവിധ ഭാഷകളിലെ വാമൊഴി വഴക്കവും അവരെ ജീവകാരുണ്യ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സഹായിച്ചു. സാമ്പത്തികയിടപാട് കേസിൽ അകപ്പെട്ട് ദീർഘ തടവിൽ കഴിഞ്ഞ പലരുടേയും മോചനത്തിന് സഫിയയുടെ ഇടപെടലുകൾ സഹായകമായി.
അഞ്ചു വർഷം മാത്രമാണ് സഫിയ ദമ്മാമിലെ സാമൂഹിക– ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിലനിന്നുള്ളൂ. അപ്പോഴേക്കും ഉള്ളിൽ പടർന്നു കയറിയ കാൻസർ അവരെ പൂർണമായും കീഴ്പ്പെടുത്തിയിരുന്നു. മരണത്തിന് മുമ്പ് 12 ശസ്ത്രക്രിയകൾക്ക് വിധേയയായ സഫിയ സ്വന്തം വേദന മറന്നാണ് മറ്റുള്ളവർക്ക് വേണ്ടി ഓടിനടന്നത്. 'ഗൾഫ് മാധ്യമം' പുരസ്കാരം ഉൾപ്പടെ നിരവധി ബഹുമതികൾ അവരുടെ ജനസേവനത്തെ തേടിയെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാമേഖലകളെ പുഷ്ടിപ്പെടുത്താനും സഫിയ പരിശ്രമിച്ചു. ഗായികയും അഭിനേത്രിയുമായ സഫിയ നിരവധി കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
ദമ്മാമിലെ ജീവകാരുണ്യമേഖലയില്‍ ഒരു വെള്ളിനക്ഷത്രം പോലെ ഉദിച്ചുയരുകയും പൊടുന്നനെ പൊലിഞ്ഞുപോവുകയും ചെയ്ത സഫിയ പ്രവാസികളുടെ മനസ്സിൽ ഒരു നൊമ്പരം കൂടിയാണ്. സൗദിയിലെ ആദ്യ മലയാളി വനിതാ ജീവകാരുണ്യപ്രവർത്തക എന്ന ചരിത്രം കൂടി ബാക്കിവെച്ചാണ് അവരുടെ ശുഷ്കമായ ഇഹലോകവാസം അവസാനിച്ചത്. സൗദിയില്‍ അസംഭവ്യമെന്ന് വിധിയെഴുതിയ പലതും തന്റെ പ്രവർത്തനങ്ങളിലൂടെ അവർ സാധ്യമാക്കി. കാരാഗൃഹങ്ങളില്‍ പെട്ടുപോയവർക്കും ദുരിതക്കയങ്ങളിൽ വീണവർക്കും അവർ പിടിവള്ളിയായി മാറി. സൗദി അറേബ്യൻ ഉദ്യോഗസ്ഥര്‍ സഫിയയുടെ ആത്മാർഥത തിരിച്ചറിഞ്ഞതോടെ സകല പിന്തുണയുമായി ഒപ്പം നിന്നു. മരണം മുന്നില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരാനായിരുന്നു അവര്‍ക്കിഷ്ടം. സ്വന്തം വേദനകളെ മറന്ന് മറ്റുള്ളവരുടെ വേദനകളെ സാന്ത്വനപ്പെടുത്താനായിരുന്നു അവർ പണിപ്പെട്ടത്.
സഫിയയുടെ സംഭവബഹുലവും സാർഥകവുമായ ജീവിതം പ്രവാസ എഴുത്തുകാരി സബീന എം. സാലി തണൽപ്പെയ്ത്ത് എന്ന പേരിൽ നോവലാക്കി. ഈ പുസ്തകത്തെ ആസ്പദമാക്കി ഒരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. സഫിയയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രമുഖ ടെലിവിഷൻ പ്രവർത്തകൻ റഫീഖ് റാവുത്തർ ഒരുക്കിയ 'ആൻ ഓഡ് ടു സഫിയ' എന്ന ഹ്രസ്വചിത്രം 13 ലക്ഷം ലഘു സിനിമകൾ പങ്കെടുത്ത 2017ലെ യേസ് ഫൗണ്ടേഷൻ മത്സരത്തിൽ പുരസ്കാരം നേടിയിരുന്നു. സഫിയയുടെ ഓർമക്കായി നവയുഗം സാംസ്കാരിക വേദി വർഷംതോറും നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ രക്തദാന ക്യാമ്പ് അടുത്തമാസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.