റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ലഭ്യമാക്കുക.
പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ ഒന്ന് മുതൽ ഈ സേവനം ബാധകമാകും. നിലവിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുക. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി ഒന്നിനും മൂന്ന് തൊഴിലാളികളുള്ളവർക്ക് 2025 ജൂലൈ ഒന്നിനും രണ്ട് തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്ടോബർ ഒന്നിനും പദ്ധതി ബാധകമാകും. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടുത്തുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനും തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സംരംഭങ്ങളുടെ തുടർച്ചയായാണിത്. ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും അത് സുഗമമാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ സേവനം വേതനം കൈമാറുന്നതിലെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുകയും ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
2022 ഏപ്രിൽ ഒന്ന് മുതൽ ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ മുസാനിദ് വഴി ഈ സേവനം ലഭ്യമാണെങ്കിലും ജൂലൈ ഒന്ന് മുതലാണ് ഔദ്യോഗികമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ഉപഭോക്താക്കളിൽ നിന്നും കക്ഷികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ചാനലുകളിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്ന സേവനത്തിൽ തൊഴിലുടമക്ക് നിരവധി നേട്ടങ്ങൾ ഉൾപ്പെടുന്നുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകിയത് സ്ഥിരീകരിക്കാൻ പദ്ധതി പ്രയോജനപ്പെടുന്നു. കരാറിന്റെ അവസാനത്തിലോ തൊഴിലാളിയുടെ യാത്രവേളയിലോ തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തൊഴിലുടമക്ക് ഇതുവഴി സാധിക്കുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടായാൽ പദ്ധതി ഇരു കക്ഷികളെയും സംരക്ഷിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.