ജുബൈൽ: പുതുതലമുറയുടെ ജീവിതസാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അവരുമായി കൃത്യമായ ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെണ് പ്രമുഖ ഫാമിലി കൗൺസിലറും ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിർ. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ യൂത്ത് വിങ് സംഘടിപ്പിച്ച ഫോക്കസ് പ്രഫഷനൽ മീറ്റിൽ ‘ഇസ്ലാമിക് പാരൻറിങ്’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടെക്നോളജി അതിവേഗം മുന്നേറുന്ന ഇക്കാലത്ത് സാമൂഹ മാധ്യമങ്ങളുടെ സ്വാധീനം ഇളം തലമുറയിൽ ശക്തമാണ്. മക്കളെ അടുത്തറിഞ്ഞ് രക്ഷാകർതൃത്വത്തിൽ പുതിയ രീതികൾ അവലംബിക്കണമെന്നും ലക്ഷ്യബോധത്തോടെയും സാമൂഹിക ബാധ്യതകളെക്കുറിച്ച് ബോധ്യത്തോടെയും മക്കളെ വളർത്തുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മക്കളോടുള്ള മുഹമ്മദ് നബിയുടെ കാരുണ്യത്തോടെയുള്ള പെരുമാറ്റവും മാതാപിതാക്കൾക്കുള്ള ഉപദേശ നിർദേശങ്ങളും എക്കാലത്തും നാം മാതൃകാപരമായി സ്വീകരിക്കേണ്ടതാണ്. സ്വഭാവ രൂപവത്കരണത്തിൽ ഉത്തരവാദിത്ത ബോധവും സഹജീവികളുമായുള്ള സഹവർത്തിത്വവും സത്യസന്ധതയും മാതാപിതാക്കൾ പ്രാധാന്യം കൽപിക്കേണ്ട വിഷയങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോക്കസ് പ്രഫഷനൽ വിങ് കൺവീനർ ഫാസിൽ (ജുബൈൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്), ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ മന്നാൻ കൊടുവള്ളി എന്നിവർ സംസാരിച്ചു. ചോദ്യോത്തര സെഷനിൽ അർശദ് ബിൻ ഹംസ (ജുബൈൽ ഇൻഡസ്ട്രിയൽ കോളജ്) മോഡറേറ്ററായിരുന്നു. ഫോക്കസ് ചെയർമാൻ ഉസ്മാൻ പാലശ്ശേരി (അഡ്വാൻസ്ഡ് പെട്രോ കെമിക്കൽസ്), ജുബൈൽ ഇസ്ലാഹി യൂത്ത് പ്രസിഡന്റ് ഷാജി, സെക്രട്ടറി ജിയാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സുബ്ഹാൻ സ്വലാഹി സമാപന പ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.