ജിദ്ദ: ടിക്കറ്റ് എടുക്കുേമ്പാൾ സൗജന്യമായി ടൂറിസ്റ്റ് വിസ നൽകുന്ന സേവനം സൗദി എയർലൈൻസ് ഉടൻ ആരംഭിക്കുന്നു. എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് വാങ്ങുേമ്പാൾ ഫീസ് കൂടാതെ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഏതാനും ദിവസത്തിനുള്ളിൽ ആരംഭിക്കും. ‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്നാണ് പദ്ധതിയുടെ പേര്. സൗദിയിൽ പ്രവേശിച്ച് 96 മണിക്കൂർ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമാണ് ഈ വിസ നൽകുന്നത്. ഇൗ സമയത്തിനുള്ളിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് കഴിയും.
വിനോദസഞ്ചാര ആവശ്യങ്ങൾക്കും ഉംറക്കും രാജ്യത്തേക്ക് വരുന്നവർക്കായിരിക്കും പുതിയ സേവനം. സൗദി എയർലൈൻസിെൻറ പുതിയ ടിക്കറ്റിങ് സംവിധാനത്തിൽ യാത്രക്കാരന് ടിക്കറ്റ് ബുക്കിങ്ങിനൊപ്പം വിസക്ക് കൂടി അപേക്ഷിക്കാവുന്ന സൗകര്യമുണ്ടായിരിക്കും. ടിക്കറ്റ് എടുക്കുേമ്പാൾ വിസ ആവശ്യമുണ്ടോ എന്ന് കൂടി സംവിധാനം ചോദിക്കും. വിസ വേണം എന്നാണ് ഉത്തരമെങ്കിൽ ആ സംവിധാനത്തിലൂടെ മൂന്ന് മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. ചില രാജ്യങ്ങളിലെ രീതി പോലെ വിസ ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ പോകേണ്ട ആവശ്യമില്ലെന്നും വക്താവ് പറഞ്ഞു.
പുതിയ ടിക്കറ്റിങ് പ്രോഗ്രാം സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് വലിയ ഡിമാൻഡ് സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനങ്ങളുടെ ആവശ്യം 40 ശതമാനം വർധിപ്പിക്കുന്നതിനുള്ള നടപ്പുവർഷത്തെ പദ്ധതിക്ക് സൗദി എയർലൈൻസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിക്കും. അവ ഏതെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും വക്താവ് പറഞ്ഞു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിംകളുടെ നിരന്തരമായ ആവശ്യമാണ് ടിക്കറ്റുമായി ബന്ധിപ്പിച്ച് ഇത്തരമൊരു വിസ സംവിധാനം ആരംഭിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പദ്ധതി പ്രകാരം വിസ കിട്ടി വരുന്നവർക്ക് ജിദ്ദ വിമാനത്താവളത്തിൽ മാത്രമല്ല, രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം. സന്ദർശനം പൂർത്തിയാക്കി സൗകര്യപ്പെട്ട വിമാനത്താവളത്തിൽനിന്ന് മടങ്ങാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.