ജിദ്ദ: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ. ലോഗോയും കാബിൻ ക്രൂവിന്റെ യൂനിഫോമും മാറി. ജിദ്ദയിൽ നടന്ന ചടങ്ങിൽ പുതിയ ലോഗോ പ്രകാശനം ചെയ്തു. 1980കളിലെ ലോഗോയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡന്റിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ.
രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളാണ് ഇതിലുള്ളത് . ദേശീയപതാകയുടെ നിറം അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായ പച്ച, സൗദി പാരമ്പര്യമായ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, കടലിന്റെയും ആകാശത്തിെൻറയും നിറത്തെ പ്രതിനിധാനംചെയ്യുന്ന നീല നിറം, രാജ്യത്തിന്റെ സമ്പന്നതയുടെ പ്രതീകവും ആധികാരികതയും അടിയുറച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ് പുതിയ ലോഗോ.
വിമാനജോലിക്കാർക്ക് സവിശേഷമായ സൗദി തനിമ ചോരാതെ രൂപകൽപന ചെയ്ത പുതിയ യൂനിഫോമും പുറത്തിറക്കി. ആതിഥ്യ മര്യാദയുടെ ശൈലിയിലും മാറ്റമുണ്ടാകും. മികച്ച ഈത്തപ്പഴങ്ങളും ഉയർന്ന നിലവാരമുള്ള സൗദി ഖഹ്വയും യാത്രക്കാർക്ക് നൽകും. ദേശീയ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. ഭക്ഷണമായി വിളമ്പുക രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ കൊണ്ടുള്ളവയായിരിക്കും. സൗദിയുടെ സംസ്കാരത്തിലും ദേശീയ സ്വത്വത്തിലുമുള്ള താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും വിമാനത്തിനുള്ളിലെ ഭക്ഷണ മെനുകൾ.
സൗദി സ്വഭാവം കൊണ്ട് സവിശേഷമായ 40ലധികം തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഇതിലുൾപ്പെടും. തദ്ദേശീയരും വിദേശികളുമായ യാത്രക്കാരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യത്തെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ പൂശിയ ടിഷ്യുപേപ്പറുകളും വിമാനത്തിൽ ഉപയോഗിക്കും. അതിഥി കാബിനുകൾ ‘സൗദിയ’യുടെ ലോഗോയെ പ്രതിഫലിപ്പിക്കുന്ന പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായിരിക്കും. സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും. വിമാനത്തിനുള്ളിലെ പശ്ചാത്തല സംഗീതം അറേബ്യൻ സംഗീതോപകരണങ്ങളാൽ സൃഷ്ടിക്കുന്നതായിരിക്കും.
അതിഥി സേവന സംവിധാനത്തിലും അത്ഭൂതപൂർവമായ വലിയ മാറ്റമുണ്ട്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിയന്ത്രിക്കുന്നതായിരിക്കും. നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സൗദിയ’ എന്ന പേരിൽ വിർച്വൽ സഹായത്തോടെയുള്ള പ്രവർത്തനങ്ങളുമായാണ് പുതുയുഗത്തിന് തുടക്കമിടുന്നത്. വ്യോമയാന രംഗത്ത് ഇത് ആദ്യത്തേതായിരിക്കും. രേഖാമൂലവും വോയ്സ് ചാറ്റ് വഴിയും ടിക്കറ്റ് ബുക്കിങ്, ഫ്ലൈറ്റ് നടപടിക്രമങ്ങൾ എന്നിവ പൂർത്തിയാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും.
ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഇലക്ട്രോണിക് വാലറ്റ് സേവനവും ആരംഭിക്കും. ഇതിനായുള്ള ‘അൽഫുർസാൻ’ പ്രോഗ്രാമിന്റെ ഡിജിറ്റൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങൾക്ക് അനുയോജ്യമായ ദ്രുത പരിഹാരങ്ങളും ഓപ്ഷനുകളും പ്രദാനം ചെയ്യുന്ന ഡിജിറ്റൽ സംവിധാനങ്ങളും സൗദി എയർലൈൻസ് അവതരിപ്പിച്ചു. വേഗത, കൃത്യത, ഗുണനിലവാരം, പ്രവർത്തന ചെലവ് എന്നിവയെ സഹായിക്കുന്നതാണിത്.
ദേശീയ വിമാനകമ്പനിയുടെ പുതുയുഗം സംബന്ധിച്ച പ്രഖ്യാപനത്തിനും ലോഗോയുടെയും കാബിൻ ക്രൂവിെൻറ പുതിയ യൂനിഫോമിെൻറയും പ്രകാശനത്തിനും സെപ്റ്റംബർ 30 തെരഞ്ഞെടുത്തത് രാജ്യ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ആദ്യ വിമാന യാത്രയെ അനുസ്മരിക്കാനാണെന്ന് അധികൃതർ വെളിപ്പെടുത്തി. 1945 സെപ്റ്റംബർ 30 നാണ് മധ്യ പ്രവിശ്യയിലെ അഫീഫിൽ നിന്ന് ത്വാഇഫിലേക്ക് ഡിസി-ത്രീ എന്ന വിമാനത്തിൽ അബ്ദുൽ അസീസ് രാജാവ് ആദ്യ വിമാന യാത്ര നടത്തിയത്.
ജിദ്ദ: സൗദി എയർലൈൻസ് (സൗദിയ) പുതിയ യുഗത്തിനും വ്യതിരിക്തമായ ഘട്ടത്തിനും സാക്ഷ്യം വഹിക്കുകയാണെന്ന് സൗദി ഗ്രൂപ് ഡയറക്ടർ ജനറൽ എൻജി. ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമർ പറഞ്ഞു. ഒറ്റ വിമാനത്തിൽ നിന്നാണ് ‘സൗദിയ’യുടെ തുടക്കം. ഇപ്പോൾ 140 വിമാനങ്ങൾ കവിഞ്ഞു. ഇത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള നാല് ഭൂഖണ്ഡങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കുന്നു.
പശ്ചിമേഷ്യയിലെ വലിയ വിമാനകമ്പനികളിൽ ഒന്നായി അത് മാറി. ‘സൗദിയ’ എന്ന പേരും ലോഗോയും വ്യോമയാന ചരിത്രത്തിന്റെയും രാജ്യത്തിന്റെ വികസനത്തിന്റെയും ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് സൗദിയയുമായി പ്രത്യേകിച്ച് അതിെൻറ ലോഗോയുമായി വൈകാരിക അടുപ്പമാണ്. അതിനാൽ സമ്പന്നമായ പൈതൃകത്തെ ഞങ്ങളുടെ പുതിയ ലോഗോയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ അതിൽ കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള അതിഥികളിൽ അവിസ്മരണീയമായ മതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.