സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാനും സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്​ദാദും കൂടിക്കാഴ്​ച നടത്തുന്നു

സൗദിയും സിറിയയും കോൺസുലാർ സേവനങ്ങളും വിമാന സർവിസുകളും പുനരാരംഭിക്കും

ജിദ്ദ: സൗദി അറേബ്യക്കും സിറിയക്കുമിടയിൽ കോൺസുലാർ സേവനങ്ങളും വിമാന സർവിസുകളും പുനരാരംഭിക്കും. സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാനും സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്​ദാദും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ ഈ തീരുമാനം​. ദീർഘകാലത്തെ ഇടവേളക്ക്​ ശേഷമാണ്​ ഈ മഞ്ഞുരുകൽ.

സിറിയയിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിക്ക്​ രാഷ്​ട്രീയ പരിഹാരം തേടിയുള്ള ചർച്ചക്കായാണ്​ അവിടുത്തെ വിദേശകാര്യമന്ത്രി ബുധനാഴ്​ച ജിദ്ദയിലെത്തിയത്​.തുടർന്ന്​ രാത്രിയിൽ തന്നെ നടത്തിയ കൂടിക്കാഴ്​ചയിലാണ് ഇരുകൂട്ടരും കൂടുതൽ അടുക്കുംവിധത്തിലുള്ള നിർണായകമായ തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത്​.

സൗദി, സിറിയൻ വിദേശകാര്യമന്ത്രിമാർ ഹസ്​തദാനം ചെയ്യുന്നു

തങ്ങളുടെ രാജ്യത്തെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ സിറിയൻ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകിയതിന് സൗദി അറേബ്യയെ നന്ദി അറിയിക്കുകയും ചെയ്​തു.

അറബ് രാഷ്​ട്രങ്ങളെ സേവിക്കുകയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ അഗാധവും ആത്മാർഥവുമായ താൽപര്യാനുസരണം അമീർ ഫൈസൽ ബിൻ ഫർഹാ​ൻ നടത്തിയ ക്ഷണം സ്വീകരിച്ചാണ്​​ സിറിയൻ മന്ത്രിയുടെ സന്ദർശനമെന്ന് സംയുക്ത പത്രപ്രസ്താവനയിൽ പറഞ്ഞു.

സിറിയയുടെ ഐക്യം, സുരക്ഷ, സുസ്ഥിരത, അറബ് സ്വത്വം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിച്ച്​പ്രതിസന്ധിക്ക് രാഷ്​​ട്രീയ പരിഹാരത്തിൽ എത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്​തതായും ​​പ്രസ്​താവനയിൽ വ്യക്തമാക്കി.

ചർച്ചക്കായി ഇരുവരും നീങ്ങുന്നു

മാനുഷിക പ്രശ്‌നങ്ങൾ പരിഹരിക്കുക, സിറിയയിലെ എല്ലാ മേഖലകളിലേക്കും സഹായം എത്തിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക, സിറിയൻ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും അവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങുന്നതിനും ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങൾ സൃഷ്​ടിക്കുക, സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കുക, കൂടാതെ സിറിയൻ പ്രദേശത്തുടനീളം സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ സഹായിക്കുന്ന കൂടുതൽ നടപടികൾ കൈക്കൊള്ളുക എന്നിവക്കാണ്​ ഊന്നലെന്നും പ്രഥമ പരിഗണനയെന്നും ഇരുപക്ഷവും അംഗീകരിച്ചു.

സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്​ദാദിനെ ജിദ്ദ വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലിദ് ബിൻ അബ്​ദുൽ കരീം അൽഖുറൈജി സ്വീകരിച്ചപ്പോൾ 

സുരക്ഷ വർധിപ്പിക്കേണ്ടതി​െൻറയും ഭീകരതയെ അതി​െൻറ എല്ലാ രൂപങ്ങളിലും നേരിടേണ്ടതി​െൻറയും മയക്കുമരുന്ന്​ കടത്ത്​ തടയുന്നതിൽ സഹകരണം വർധിപ്പിക്കുന്നതി​െൻറയും പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സിറിയയിലെ സായുധ പോരാളികളുടെ സാന്നിധ്യവും ആഭ്യന്തര കാര്യങ്ങളിലെ ബാഹ്യ ഇടപെടലും അവസാനിപ്പിക്കാൻ ഭരണകൂടത്തെ പിന്തുണയ്ക്കേണ്ടതി​െൻറ ആവശ്യകതയും രാജ്യാതിർത്തികൾ വരെ നിയന്ത്രണം വ്യാപിപ്പിക്കേണ്ടതി​െൻറയും പ്രധാന്യം ഇരുപക്ഷവും എടുത്തുപറഞ്ഞു.

സിറിയൻ പ്രതിസന്ധിയുടെ എല്ലാ പ്രത്യാഘാതങ്ങളും അവസാനിപ്പിക്കാനും ദേശീയ അനുരഞ്ജനം കൈവരിക്കുന്ന സമഗ്രമായ രാഷ്​ട്രീയ പരിഹാരത്തിനും അറബ് ചുറ്റുപാടുകളിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനും അറബ് ലോകത്ത് അതി​െൻറ സ്വാഭാവിക പങ്ക് പുനരാരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള കോൺസുലാർ സേവനങ്ങളും വിമാനങ്ങളും പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.