സൗദിയും സിറിയയും കോൺസുലാർ സേവനങ്ങളും വിമാന സർവിസുകളും പുനരാരംഭിക്കും
text_fieldsജിദ്ദ: സൗദി അറേബ്യക്കും സിറിയക്കുമിടയിൽ കോൺസുലാർ സേവനങ്ങളും വിമാന സർവിസുകളും പുനരാരംഭിക്കും. സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാനും സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്ദാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ദീർഘകാലത്തെ ഇടവേളക്ക് ശേഷമാണ് ഈ മഞ്ഞുരുകൽ.
സിറിയയിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം തേടിയുള്ള ചർച്ചക്കായാണ് അവിടുത്തെ വിദേശകാര്യമന്ത്രി ബുധനാഴ്ച ജിദ്ദയിലെത്തിയത്.തുടർന്ന് രാത്രിയിൽ തന്നെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുകൂട്ടരും കൂടുതൽ അടുക്കുംവിധത്തിലുള്ള നിർണായകമായ തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത്.
തങ്ങളുടെ രാജ്യത്തെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ സിറിയൻ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകിയതിന് സൗദി അറേബ്യയെ നന്ദി അറിയിക്കുകയും ചെയ്തു.
അറബ് രാഷ്ട്രങ്ങളെ സേവിക്കുകയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ അഗാധവും ആത്മാർഥവുമായ താൽപര്യാനുസരണം അമീർ ഫൈസൽ ബിൻ ഫർഹാൻ നടത്തിയ ക്ഷണം സ്വീകരിച്ചാണ് സിറിയൻ മന്ത്രിയുടെ സന്ദർശനമെന്ന് സംയുക്ത പത്രപ്രസ്താവനയിൽ പറഞ്ഞു.
സിറിയയുടെ ഐക്യം, സുരക്ഷ, സുസ്ഥിരത, അറബ് സ്വത്വം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിച്ച്പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിൽ എത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായും പ്രസ്താവനയിൽ വ്യക്തമാക്കി.
മാനുഷിക പ്രശ്‌നങ്ങൾ പരിഹരിക്കുക, സിറിയയിലെ എല്ലാ മേഖലകളിലേക്കും സഹായം എത്തിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക, സിറിയൻ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും അവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങുന്നതിനും ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കുക, കൂടാതെ സിറിയൻ പ്രദേശത്തുടനീളം സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ സഹായിക്കുന്ന കൂടുതൽ നടപടികൾ കൈക്കൊള്ളുക എന്നിവക്കാണ് ഊന്നലെന്നും പ്രഥമ പരിഗണനയെന്നും ഇരുപക്ഷവും അംഗീകരിച്ചു.
സുരക്ഷ വർധിപ്പിക്കേണ്ടതിെൻറയും ഭീകരതയെ അതിെൻറ എല്ലാ രൂപങ്ങളിലും നേരിടേണ്ടതിെൻറയും മയക്കുമരുന്ന് കടത്ത് തടയുന്നതിൽ സഹകരണം വർധിപ്പിക്കുന്നതിെൻറയും പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സിറിയയിലെ സായുധ പോരാളികളുടെ സാന്നിധ്യവും ആഭ്യന്തര കാര്യങ്ങളിലെ ബാഹ്യ ഇടപെടലും അവസാനിപ്പിക്കാൻ ഭരണകൂടത്തെ പിന്തുണയ്ക്കേണ്ടതിെൻറ ആവശ്യകതയും രാജ്യാതിർത്തികൾ വരെ നിയന്ത്രണം വ്യാപിപ്പിക്കേണ്ടതിെൻറയും പ്രധാന്യം ഇരുപക്ഷവും എടുത്തുപറഞ്ഞു.
സിറിയൻ പ്രതിസന്ധിയുടെ എല്ലാ പ്രത്യാഘാതങ്ങളും അവസാനിപ്പിക്കാനും ദേശീയ അനുരഞ്ജനം കൈവരിക്കുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനും അറബ് ചുറ്റുപാടുകളിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനും അറബ് ലോകത്ത് അതിെൻറ സ്വാഭാവിക പങ്ക് പുനരാരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള കോൺസുലാർ സേവനങ്ങളും വിമാനങ്ങളും പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.