ജിദ്ദ: 'ഹുറൂബ്' നിയമത്തിൽ മാറ്റം വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. തൊഴിലിൽനിന്ന് വിട്ടുനിൽക്കുന്നെന്നോ തെൻറ കീഴിൽനിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്പോൺസർ നൽകുന്ന പരാതിയിൽ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പരാതി കിട്ടിയാൽ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തിൽ വരുത്തിയ പുതിയ മാറ്റം. ഈ കാലളവിനിടയിൽ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറുകയോ ചെയ്യാം.
ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കിൽ 60 ദിവസം പൂർത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തും. അതോടെ മുഴുവൻ സർക്കാർ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവൻ (ഹുറൂബ്) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികൾ നേരിടേണ്ടിവരികയും ചെയ്യും. നിയമത്തിലെ മാറ്റം ഇന്ന് (ഒക്ടോബർ 23) മുതൽ പ്രാബല്യത്തിലായി. പുതുതായി ഹുറൂബ് ആകുന്നവർക്കാണ് ഈ മാറ്റം ബാധകം. എന്നാൽ നേരത്തെ ഹുറൂബിലായി ഏറെ കാലം പിന്നിട്ടവർക്കുൾപ്പടെ ഇന്ന് മുതൽ 15 ദിവസത്തിനുള്ളിൽ മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറാം അവസരം നൽകിയിട്ടുണ്ട്. ഇത് ഹൗസ് ഡ്രൈവറുൾപ്പടെയുള്ള സ്വകാര്യ, ഗാർഹിക വിസയിലുള്ളവർക്ക് ബാധകമല്ലെന്നാണ് സൂചന.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ തൊഴിൽ വിപണിയെ കൂടുതൽ ആകർഷണീയമാക്കുന്നതിനും മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് നിയമ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി. ജോലിയിൽ നിന്ന് തൊഴിലാളി വിട്ടുനിൽക്കുകയാണെന്നും അത് കാരണം കരാർ ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുടമ അപേക്ഷ സമർപ്പിച്ചാൽ തൊഴിലാളിക്കും തൊഴിലുടമക്കുമിടയിലുള്ള കരാർ ബന്ധം മരവിപ്പിക്കും.
ശേഷമുള്ള കാലയളവിൽ തൊഴിലാളിക്ക് തൊഴിലുടമ ശമ്പളം നൽകേണ്ടതില്ല. പിന്നീടുള്ള 60 ദിവസത്തിനിടെയാണ് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറ്റുകയോ ഫൈനൽ എക്സിറ്റ് നേടി രാജ്യം വിടുകയോ ചെയ്യേണ്ടത്. ആ കാലാവധിയും ഉപയോഗപ്പെടുത്തിയില്ലെങ്കിലാണ് ഹുറൂബെന്ന നിലയിലുള്ള ശിക്ഷാനടപടികൾക്ക് വിധേയമാക്കുക.
സ്പോൺസർഷിപ്പ് മാറുന്ന ഹുറൂബുകാരായ തൊഴിലാളികളുടെ ലെവി, സ്പോൺർഷിപ്പ് മാറ്റ ഫീസ്, ഇഖാമ ഫീസ് തുടങ്ങിയ വിവിധ സർക്കാർ ഫീസുകൾ പുതിയ തൊഴിലുമടയാണ് അടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.