ജിദ്ദ: സൗദി അറേബ്യയുടെ സ്ഥാപകദിനാചരണത്തിന് തുടക്കം. എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനപ്രകാരം പ്രഥമ ആഘോഷത്തിനാണ് ചൊവ്വാഴ്ച രാജ്യം സാക്ഷ്യംവഹിച്ചത്. വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. മൂന്ന് നൂറ്റാണ്ട് മുമ്പ് 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കരങ്ങളാൽ ദറഇയ തലസ്ഥാനമായി ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമകളിൽ മുഖരിതമായിരുന്നു ചൊവ്വാഴ്ച രാജ്യവും രാജ്യത്തുടനീളമുള്ള സ്വദേശികളും വിദേശികളും. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ സംഭവങ്ങളുടെ സമ്പന്നമായ രാജ്യത്ത് ഇമാം മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ച മഹത്തായ ചരിത്രപൈതൃകത്തിൽ രാജ്യത്തെ ജനങ്ങൾ അഭിമാനംപൂണ്ടു.
പോയവർഷങ്ങളിൽ സൗദി അറേബ്യയെന്ന പ്രവിശാല രാഷ്ട്രത്തെ മുന്നോട്ടു നയിച്ച വിവിധ ഭരണാധികാരികളെയും അവരുടെ നേട്ടങ്ങളെയും അഭിമാനത്തോടെ രാജ്യം ഒന്നടങ്കം വൈവിധ്യമാർന്ന പരിപാടികളിലൂടെ സ്മരിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് പൂർണമായും അവധി നൽകിയിരുന്നു. ആദ്യമായാണ് സൗദി രാഷ്ട്ര സ്ഥാപനദിനത്തിന് പൊതുഅവധി നൽകുന്നത്. സൗദി രാഷ്ട്രം സ്ഥാപിതമായശേഷം പിന്നിട്ട മൂന്ന് നൂറ്റാണ്ടുകളുടെ ഓർമകളും അത് ചരിത്രത്തിലും ജീവചരിത്രഗ്രന്ഥങ്ങളിലും അനശ്വരമാക്കിയ സംഭവങ്ങളും സാഹചര്യങ്ങളും വരുംതലമുറക്ക് ഓർമിപ്പിക്കാനുള്ള അവസരമായാണ് സ്ഥാപകദിനത്തെ കാണുന്നത്. സൗദി അറേബ്യയുടെ മഹത്തായ ചരിത്രത്തിന്റെ ആഴം ഉൾക്കൊള്ളുന്ന, സർഗാത്മകതയുടെയും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും വിവിധ പ്രകടനങ്ങൾക്കാണ് രാജ്യത്തിന്റെ പ്രധാന നഗരങ്ങൾ സാക്ഷ്യംവഹിച്ചത്.
രാജ്യം കടന്നുപോയ കാലത്തിന്റെ അധ്യായങ്ങൾ പരേഡിലൂടെയും ചിത്രരചനകളിലൂടെയും പാരമ്പര്യ കലാപരിപാടികളിലൂടെയും അവർ വരച്ചുകാട്ടി. ഏകീകൃത സൗദി അറേബ്യ നിലവിൽ വരുന്നതുവരെ ഒന്നും രണ്ടും സൗദി രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്ന ഓരോ ഘട്ടത്തിലുമുണ്ടായിരുന്ന ദേശീയ ഐക്യം എന്ന ആശയത്തെ അവർ പുതുക്കി. ജനങ്ങളും നേതൃത്വവും തമ്മിലുള്ള മഹത്തായ ബന്ധങ്ങൾ അയവിറക്കി. സ്ഥിരതയുടെയും സമൃദ്ധിയുടെയും വെളിച്ചത്തിൽ തങ്ങളുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തിന്റെ വിശദാംശങ്ങൾ പ്രകടമാക്കുന്നതുകൂടിയായിരുന്നു സൗദി സ്ഥാപകദിനാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.