കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

ജിദ്ദ: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട്​ സൗദി അറേബ്യ. ഇതിനായി രാജ്യത്ത്​ നാല് പുതിയ​ പ്രത്യേക സാമ്പത്തിക മേഖലകൾ (സ്​പെഷ്യൽ ഇകണോമിക്​ സോണുകൾ) ആരംഭിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത്​ സംബന്ധിച്ച പ്രഖ്യാപനം നടത്തി​​. പ്രത്യേക സാമ്പത്തിക മേഖലകൾ വികസനത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ഓരോ പ്രദേശത്തി​ന്‍റെയും നേട്ടങ്ങളെ ആശ്രയിച്ചാണ്​ മേഖലകൾ ആരംഭിക്കുന്നത്​.

ലോജിസ്​റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ, രാജ്യത്തിന്‍റെ മറ്റ് മുൻഗണനാ മേഖലകൾ എന്നിവ ഇതിലുൾപ്പെടുന്നു. റിയാദ്, ജീസാൻ, റാസൽ ഖൈർ, ജിദ്ദയുടെ വടക്കുഭാഗത്തുള്ള കിങ്​ അബ്​ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ. പ്രത്യേക സാമ്പത്തിക മേഖലകൾക്ക്​ നിയമനിർമാണ സംവിധാനങ്ങളും സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക നിയന്ത്രണങ്ങളും ആസ്വദിക്കാനാകും. അത് ഏറ്റവും പ്രധാനപ്പെട്ടതും ഗുണപരവുമായ നിക്ഷേപങ്ങൾ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നിക്ഷേപ​ മേഖലകളായി മാറ്റും.

പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും വ്യവസായങ്ങൾ സ്വദേശിവത്​ക്കരിക്കുന്നതിനും ഇത്​ വലിയ അവസരങ്ങൾ നൽകും. സൗദി വ്യവസായ സമൂഹത്തി​ന്‍റെ വികസനത്തിന് വിപുലമായ മേഖലകൾ തുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലകൾ അടിസ്ഥാന സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ‘വിഷൻ 2030’-​ന്‍റെ ഭാഗമായ മേഖലാ തന്ത്രങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലവത്തായ നല്ല സാഹചര്യം പ്രദാനം ചെയ്യുകയും ചെയ്യും. വിതരണ ശൃംഖലകളുടെ എല്ലാ തലങ്ങളിലും പ്രത്യേക സാമ്പത്തിക മേഖലകൾ നൽകുന്ന നേട്ടങ്ങൾ സൗദി കമ്പനികൾക്ക് പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും.

നിക്ഷേപകർക്ക്​ അസാധാരണമായ നിക്ഷേപ അനുഭവം നൽകും. പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഒരു ട്രാൻസിറ്റ് ഗേറ്റ്‌വേ എന്ന നിലയിൽ രാജ്യത്തി​െൻറ സ്ഥാനം ഏകീകരിക്കപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു. രാജ്യത്തെ നിക്ഷേപത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായും ആഗോള വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്ന ഒരു സുപ്രധാന കേന്ദ്രമായും മാറ്റുന്നതിനുള്ള സംരംഭങ്ങൾ തുടരുകയാണെന്നും കിരീടാവകാശി പറഞ്ഞു.

Tags:    
News Summary - Saudi Arabia opened more opportunities for investors and entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.