ദമ്മാം: കോവിഡ് പ്രതിസന്ധിയുടെ കാർമേഘങ്ങൾ പെയ്തൊഴിയുന്ന സൗദി അറേബ്യയുടെ സാംസ്കാരിക കലാ മേഖലയുടെ ആകാശത്ത് കൂടുതൽ വർണ വിസ്മയങ്ങൾ വിരിയിക്കാൻ മികച്ച വിനോദക്കാഴ്ചകൾ അരങ്ങേറാൻ ഒരുങ്ങുന്നു. റിയാദ് സീസണിലെ വൻ ജനപങ്കാളിത്തത്തെ തുടർന്നാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ലോകപ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി മികച്ച ഷോകൾ തയാറാക്കാൻ അധികൃതർ തയാറാകുന്നത്. പ്രേക്ഷകലക്ഷങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച മൂന്നു മികച്ച ഷോകൾ സൗദിയിൽ ഒരുക്കിയ കനേഡിയൻ കമ്പനിയാണ് പുതിയ പരിപാടികളുമായി രംഗത്തുള്ളത്. പരിപാടികൾ വിസ്മയകരമായി. ജനപങ്കാളിത്തവും ആവേശവും അത്ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച പരിപാടികൾ തയാറാക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാെണന്ന് കനേഡിയൻ കമ്പനിയായ സിർക്യു ഡു സോലൈലിെൻറ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡാനിയൽ ലാമർ പറഞ്ഞു.
സൗദിയിൽ 2018ൽ 88ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് ആദ്യ ഷോ നടത്താൻ അനുമതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2019 ബസാർ പ്രൊഡക്ഷൻ ടൂറും സംഘടിപ്പിക്കാനായി. ശേഷം ഈ വർഷം റിയാദ് സീസണിലാണ് അവസരം ലഭ്യമായത്.
20ലധികം രാജ്യങ്ങളിൽനിന്നുള്ള 46 കലാകാരന്മാർ അണിനിരന്ന കലാപ്രകടനം ഉദ്ഘാടനരാത്രിയിൽതന്നെ കാണികളെ അമ്പരപ്പിച്ചു. ലോകപ്രശസ്ത ഫുട്ബാൾ താരം മെസ്സിയോടുള്ള ആദരവുകൂടിയായിരുന്നു പരിപാടി. അക്രോബാറ്റിക്സ്, ട്രാംപോളിൻ, ഡയബോളോസ്, വെർട്ടിക്കൽ റോപ്സ്, സിംഹനൃത്തം എന്നിവ ഉൾപ്പെടുന്ന കലാപ്രകടനങ്ങൾ പ്രേക്ഷകർക്ക് അത്യപൂർവ അനുഭവങ്ങളാണ് സമ്മാനിച്ചത്. താരപദവിക്കുവേണ്ടിയുള്ള മെസ്സിയുടെ പോരാട്ടത്തിെൻറ കഥ വിവരിക്കുന്ന തരത്തിലാണ് ഈ പരിപാടി സംവിധാനിച്ചിരിക്കുന്നത്. ഇതിൽ തമാശക്കാരനായ താടിക്കാരനായാണ് റഫറിയുടെ ഇടപെടൽ. ലോക പ്രേക്ഷകരെ വിസ്മയിച്ച അക്രോബാറ്റിക് നൃത്തപരിപാടി സൗദിയിൽ എത്തിയത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകരെ നേടിെക്കാടുത്തു. നേരേത്ത പ്രശസ്തമായ ഈ കനേഡിയൻ കമ്പനിയുടെ പ്രോഗ്രാം കണ്ടവർപോലും സൗദിയിലെ പ്രകടനത്തെ പ്രത്യേകം പ്രശംസിക്കുകയായിരുന്നു.
സൗദിയിൽ ആദ്യമായി അരങ്ങേറുന്ന ഷോ ജീവസ്സുറ്റതാക്കുന്ന സംഗീതത്തിനായി കനേഡിയർ തിയറ്റർ മാസങ്ങൾ നീണ്ട പരിശീലനമാണ് നേടിയത്. 2019ൽ ബാഴ്സലോണയിലെ പാർക്ക് ഡെൽ ഫോറത്തിൽ ആദ്യ ഷോ അവതരിപ്പിക്കുകയും 2020ൽ ആരംഭിച്ച ഒരു ലോക പര്യടനം ആരംഭിക്കുകയുമായിരുന്നു സംഘം.
9,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള റിയാദ് ബൊളിവാർഡ് സിറ്റിയിലെ ബൊളിവാർഡ് അരീനയിലാണ് മെസ്സി 10 എന്ന പ്രോഗ്രാം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തിങ്കൾ മുതൽ ശനിവരെ നീളുന്ന രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഷോ കാണാൻ 115 മുതൽ 800 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. റിയാദ് സീസൺ മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ വാങ്ങാം. ഏഴുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കാണികളായി എത്തിയത്. ലോകം ഏറ്റുവാങ്ങിയ മികച്ച പരിപാടികളുമായി സൗദിയിൽ വീണ്ടും ഉടൻതന്നെ പ്രേക്ഷകസദസ്സിന് മുന്നിലെത്തുമെന്ന് ഡാനിയർ ലാമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.