റിയാദ്: ഗസ്സ വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ രണ്ട് അടിയന്തരവും സുപ്രധാനവുമായ ഉച്ചകോടികൾക്ക് റിയാദ് ആതിഥേയത്വം വഹിക്കും. വെള്ളിയാഴ്ചത്തെ സൗദി-ആഫ്രിക്കൻ ഉച്ചകോടിക്ക് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ ഒ.ഐ.സി രാജ്യങ്ങളുടെ ഉച്ചകോടി, അറബ് രാജ്യങ്ങളുടെ ഉച്ചകോടി എന്നിങ്ങനെ രണ്ട് സുപ്രധാന പരിപാടികളാണ് റിയാദിൽ നടക്കുന്നത്. ഇസ്ലാമിക് ഉച്ചകോടി, അറബ് അടിയന്തിര ഉച്ചകോടി എന്നിവയുടെ മുഖ്യ അജണ്ട ഫലസ്തീനും ഗസ്സയുമാണ്.
ഗസ്സയിലെ ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ക്ഷണിച്ച പ്രകാരം ഇസ്ലാമിക ഉച്ചകോടി നടക്കുന്നത്. ഗസ്സയിലെ നിലവിലെ സംഭവങ്ങൾ ചർച്ച ചെയ്യാനാണ് അടിയന്തര അറബ് ഉച്ചകോടി വിളിച്ചിരിക്കുന്നത്. അറബ് പാർലമെൻറാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ഉച്ചകോടികൾക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായി. ഇവയിൽ പങ്കെടുക്കാനായി അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും വെള്ളിയാഴ്ച വൈകുന്നേരം മുതൽ തന്നെ റിയാദിലെത്തി തുടങ്ങി. ഉച്ചകോടികളിൽ മാധ്യമ കവറേജിന് വേണ്ട പ്രവർത്തനം സുഗമമാക്കാനും ഉച്ചകോടി നിമിഷ നേരം കൊണ്ട് കവർ ചെയ്യാനും ‘മീഡിയ ഒയാസിസ്’ എന്ന പേരിൽ മീഡിയ സെൻററും ഒരുക്കിയിട്ടുണ്ട്.
ഇവ രണ്ടിനും മുന്നോടിയായി സൗദി-ആഫ്രിക്കൻ ഉച്ചകോടി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ആരംഭിച്ചത്. ഇതും കൂടിയാവുമ്പോൾ 78 മണിക്കൂറിനിടയിൽ റിയാദ് ആതിഥേയത്വം വഹിക്കുന്നത് മൂന്ന് അന്താരാഷ്ട്ര സമ്മേളനങ്ങൾക്കെന്ന നിലയിൽ റെക്കോർഡായി മാറും. മൂന്ന് ഉച്ചകോടികളും മിഡിൽ ഈസ്റ്റിലെയും ഇസ്ലാമിക, അറബ് ലോകങ്ങളിലെയും രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിർണായക കേന്ദ്രമായി റിയാദിന്റെ പദവിയെ ഉയർത്തുന്നതാണ്.
വെള്ളിയാഴ്ച രാത്രിയോടെ സമാപിച്ച സൗദി-ആഫ്രിക്കൻ ഉച്ചകോടിയിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധികളും പ്രതിനിധികളും പങ്കെടുത്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളെ അവരുടെ സമ്പത്തും കഴിവുകളും ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടത്. അതോടൊപ്പം ആഫ്രിക്കൻ രാജ്യങ്ങളിലെ സൗദിയുടെ നിക്ഷേപങ്ങളുടെയും വികസന പദ്ധതികളുടെയും നല്ല സ്വാധീനം പരമാവധി വർധിപ്പിക്കുക, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള സൗദിയുടെയും അറബ് രാജ്യങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.